സ്ത്രീകളിലെ രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മാര്‍ഗരേഖ തയ്യാറാക്കി

പെണ്‍കുട്ടികളിലേയും സ്ത്രീകളിലേയും രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മാര്‍ഗരേഖ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഹീമോഫീലിയ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് മാര്‍ഗരേഖ തയ്യാറാക്കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച് പരിശീലനം നല്‍കുന്നതാണ്. ഇതിലൂടെ അമിത രക്തസ്രാവം മൂലം ബുദ്ധിമുട്ടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏകീകൃതവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
രക്തം കട്ടപിടിക്കുന്നതില്‍ വരുന്ന തകരാറുകള്‍ മൂലമുണ്ടാകുന്ന ഹീമോഫീലിയ രോഗത്തെക്കുറിച്ച് അവബോധം നല്‍കുന്നതിനായാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 17 ന് ലോക ഹീമോഫീലിയ ദിനമായി ആചരിക്കുന്നത്. ‘Access for All: Women and Girls Bleed Too’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഹീമോഫീലിയ ബാധിച്ച സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും രോഗനിര്‍ണയത്തിലും ചികിത്സയിലും തുല്യത ലഭിക്കണം എന്നതിനാണ് ഈ തീം ഊന്നല്‍ നല്‍കുന്നത്.