ചുമ മരുന്നുകളുടെ ഉപയോഗം പരിശോധിക്കാന്‍ മൂന്നംഗ സമിതി

സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാർഗരേഖ പുറത്തിറക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി ചുമ മരുന്ന് നൽകരുതെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികൾക്കുള്ള മരുന്ന് നൽകരുതെന്നും മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി. ഇതിനായി ബോധവത്ക്കരണവും ശക്തമാക്കും. കുട്ടികൾക്കുള്ള മരുന്നുകൾ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടർമാർ ഡോസ് നിശ്ചയിക്കുന്നത്. അതിനാൽ ഒരു കുഞ്ഞിന് കുറിച്ച് നൽകിയ മരുന്ന് മറ്റ് കുഞ്ഞുങ്ങൾക്ക് നൽകാൻ പാടില്ലെന്നും, അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.