മനുഷ്യന്റെ പല്ലുകൾ ലാബിൽ ‘മുളപ്പിച്ച്’ ഗവേഷകർ

മനുഷ്യന്റെ പല്ലുകൾ ലാബിൽ ‘മുളപ്പിച്ച്’ ഗവേഷകർ. യഥാർഥ പല്ലുകളുടെ സവിശേഷതകൾക്ക് സമാനമായ ഈ പല്ലുകൾക്ക് താടിയെല്ലുമായി സംയോജിക്കാനാകും. ഇവ കൂടുതൽ കരുത്തുറ്റതും ദീർഘകാലം നിലനിൽക്കുകയും ചെയ്യും. ദന്തചികിത്സയിൽ പ്രധാനമായ ഇംപ്ലാന്റുകൾക്കും ഫില്ലിങ്ങുകൾക്കും പകരമായി ഈ പല്ലുകൾ ഉപയോ​ഗിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. പല്ലുകൾ നഷ്ടപ്പെട്ടാൽ സാധാരണയായി അവ മുളയ്ക്കാനുള്ള സാധ്യതയില്ല. എന്നാൽ, രോ​ഗിയുടെ സ്വന്തം കോശങ്ങളിൽ നിന്ന് നിർമിച്ചെടുക്കുന്ന ഇത്തരം പല്ലുകൾ സ്വാഭാവിക പല്ലുകൾ പോലെ മികച്ചതായിരിക്കുമെന്ന് ​ഗവേഷകർ വ്യക്തമാക്കി. ലണ്ടനിലെ കിംഗ്സ് കോളേജിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. ദന്തചികിത്സയിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ ഗവേഷണം സഹായകമാകുമെന്ന് കിംഗ്സ് കോളേജിലെ റീജനറേറ്റീവ് ഡെന്റിസ്ട്രി വിഭാഗം ഡയറക്ടർ ഡോ. അന ആഞ്ചലോവ ചൂണ്ടിക്കാട്ടി.