പപ്പടം ആരോഗ്യത്തിന് ഹാനികരം. നാട്ടിൽ ഉഴുന്ന് ചേർത്ത്, മായമില്ലാതെ കിട്ടുന്ന പപ്പടത്തെക്കുറിച്ചല്ല ഡോക്ടർ ലൈവ് കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത വാർത്തയിൽ പ്രതിപാദിച്ചത്. “കേരള പപ്പടം” എന്ന പേരിൽ അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന, ഗ്രേഡ് കുറഞ്ഞ മൈദ അടക്കം ആരോഗ്യത്തിന് ഹാനികരമായ നിരവധി ചേരുവകൾ ചേർത്ത് നിർമ്മിച്ച പപ്പടങ്ങൾ വിപണിയിൽ ഇന്ന് സുലഭമാണ്. ചില കടകളിൽ നിന്നും ലഭിക്കുന്ന പപ്പടം പ്ലെയിൻ കവറിൽ വിൽക്കുന്നവയാണ്, ഇവയിൽ ബ്രാൻഡ് ലേബലുകളോ, FSSAI ലൈസൻസ് നമ്പറുകളോ, ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല, എന്തിനു പറയുന്നു ഇതിൽ പപ്പടം നിർമിച്ച ദിവസമോ, കേടുകൂടാതെ ഉപയോഗിക്കാവുന്ന തീയതിയോ പറയുന്നില്ല. മാത്രമല്ല ഇവ ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുകയും ചെയ്യും, എന്നാൽ നമ്മൾ ഉഴുന്നുപയോഗിച്ച നാട്ടിൻപുറങ്ങളിൽ ഉണ്ടാക്കുന്നവരുടെ പപ്പടം ഇത്ര ദിവസങ്ങൾ കേടുകൂടാതെ ഇരിക്കുകയില്ല കാരണം അതിൽ മായം കലർന്നിട്ടില്ല. എന്നാൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പപ്പടത്തിൽ വലിയ തോതിൽ മായം കലർന്നിട്ടുണ്ട് എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. പപ്പടം കേടുകൂടാതെ ഇരിക്കുന്നതിന് വേണ്ടി സോഡിയം ബൈക്കാർബണേറ്റ് ഉപയോഗിക്കുവാനുള്ള സാധ്യത ഏറെയാണ്, ഇത് കൂടുതൽ ആയി നമ്മുടെ ശരീരത്തിൽ എത്തിച്ചേർന്നാൽ, കുടലിലെ ക്യാൻസറിന് ഉൾപ്പെടെ പല രോഗങ്ങൾക്കും കാരണമാകും. പപ്പടം മിക്ക വീടുകളിലും സ്ഥിരം കഴിക്കുന്ന ആഹാരമാണ്. ഹോട്ടലുകളിലും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് . ഉപയോഗിച്ച എണ്ണയിൽ വീണ്ടും വീണ്ടും പപ്പടം വറുത്തു കഴിക്കുമ്പോളും, മായം കലർന്ന രാസവസ്തുക്കൾ നമ്മുടെ ശരീരത്തിൽ നിരന്തരം എത്തുമ്പോളും, ഭാവിയിൽ പല രോഗങ്ങൾ വരുവാൻ സാധ്യത ഉണ്ട് എന്നാണ് ഞങ്ങൾ പ്രതിപാദിക്കുന്നത്. നിയമപ്രകാരം എല്ലാ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും ഫുഡ്ആൻഡ് സേഫ്റ്റിയുടെ ലൈസൻസ് നിർബന്ധമാണ്. പപ്പടം എന്നല്ല ഗ്രേഡ് കുറഞ്ഞ മൈദ ഉപയോഗിച്ചുള്ള മിക്ക ആഹാര ഉൽപ്പന്നങ്ങളിലും ശരീരത്തിന് ദൂഷ്യം ചെയ്യുന്ന പദാർത്ഥങ്ങൾ കണ്ടെത്തിയതായി പഠനങ്ങൾ പറയുന്നുണ്ട്. കേരളത്തിൽ പച്ചക്കറി അടക്കം ഉത്പാദനം കുറവാണ്. വിപണി മുഴുവൻ ബിസിനസ് ആകുമ്പോൾ, മായം മറച്ചുവെക്കാറാണ് പതിവ്. ഗുണമേന്മയുള്ള ആഹാര ഉൽപങ്ങൾ നിർമിച്ചു വിപണനം ചെയ്യുന്ന നിരവധി പേർ കേരളത്തിൽ ഉണ്ട്, ഇത്തരം നല്ല ഫുഡ് പ്രൊഡക്ടുകൾ വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത് ശീലമാക്കുക. ഓർക്കുക ആരോഗ്യമാണ് നമ്മുടെ സമ്പത്ത്.






















