മലപ്പുറത്ത് പേ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അഞ്ചര വയസ്സുകാരിയെ രക്ഷപെടുത്താൻ സാധിച്ചില്ല. മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസിനെയാണ് തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 29നാണ് കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനുമായിരുന്നു നായ കടിച്ചത്. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വാക്സിൻ എടുത്തെങ്കിലും രക്ഷപെടുത്താൻ സാധിച്ചില്ല. കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുകൊണ്ടാണ് വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിരുന്നു. വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു കുട്ടിക്ക് നായയുടെ ആക്രമണമുണ്ടായത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയല്‍വാസിക്കും പരുക്കേറ്റു. മറ്റു അഞ്ച് പേർക്ക് കൂടി അന്നേ ദിവസം തന്നെ നായയുടെ കടിയേറ്റിരുന്നു. എന്നാൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.





















