പട്ടി കടിച്ചാൽ ആദ്യം ചെയേണ്ടത് എന്താണ്? പ്രതിരോധ വാക്സീൻ എടുത്തിട്ടും കുട്ടികൾ അടക്കം പേ വിഷബാധയേറ്റ് മരിച്ച സംഭവങ്ങൾ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പേവിഷ ബാധയ്ക്കു മുന്നിൽ മരുന്നുകൾ പോലും പരാജയപ്പെട്ടു, ഏന്താകാം അതിന്റെ കാരണങ്ങൾ. പേപ്പട്ടി കടിച്ചാൽ ആദ്യം കുത്തിവയ്പെടുക്കുകയല്ല വേണ്ടത്, കടിയേറ്റ ഭാഗം മുഴുവൻ സോപ്പ്, വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയാണ് ചെയേണ്ടത്. മുറിവിലുള്ള വൈറസ് പരമാവധി ഒഴിവാക്കാൻ ഇത് സഹായിക്കും. അതിനു ശേഷം കുത്തിവയ്പ് എടുക്കുകയും വേണം. ഒന്നോ രണ്ടോ സെന്റിമീറ്റർ കടിയേറ്റ ഭാഗത്തെ മുറിവിലൂടെയാണ് പേപ്പട്ടിയുടെ ഉമിനീരിൽ നിന്നുള്ള വൈറസ് മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നത് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് നാഡികളിലൂടെ സഞ്ചരിച്ച് സുഷുമ്നയിലും തലച്ചോറിലുമെത്തുമ്പോഴാണ് പേവിഷ ബാധയുണ്ടാക്കുക. സാധാരണ ഒരു ദിവസം ഒന്നോ രണ്ടോ സെന്റി മീറ്റർ മാത്രമാണ് ഇവയ്ക്ക് സഞ്ചരിക്കാനാകുക. അതുകൊണ്ടു തന്നെ കടിയേറ്റ ഭാഗത്തു നിന്ന് തലച്ചോറിലേക്കെത്തുന്നതിന് മുൻപേ വാക്സീൻ ഉപയോഗിച്ച് ഇവയെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. നാഡികൾ കൂടുതലുള്ള തല, മൂക്ക്, ചെവി, ചുണ്ട്, മുഖം, കഴുത്ത്, വിരൽത്തുമ്പുകൾ തുടങ്ങിയ ഭാഗങ്ങളിലാണ് കടിക്കുന്നതെങ്കിൽ റിസ്ക് കൂടുതലാണ്. കാലിലോ ശരീരത്തിന്റെ താഴെ ഭാഗങ്ങളിലോ ആണ് കടിയേൽക്കുന്നതെങ്കിൽ ദൂരം മൂലം വൈറസ് തലച്ചോറിലെത്താൻ ഏറെ സമയമെടുക്കും. കടിക്കുന്നത് തല ഭാഗത്താണെങ്കിൽ പ്രതിരോധ വാക്സീൻ, ആന്റിബോഡികൾ ഇവ ശരീരത്തിൽ ഏൽക്കുന്നതിനു മുൻപേ വൈറസ് തലച്ചോറിൽ കടന്ന് വിഷബാധണ്ടാകാൻ സാത്യതയുണ്ട്. റോഡിലൂടെയും മറ്റും നടന്ന്പോകുമ്പോൾ തെരുവ് നായ്ക്കളെ കാണുമ്പൊൾ ജാഗ്രത പുലർത്തുന്നത് നല്ലതാണ്.






















