മരുന്നുകളുമായി സൗദിയിലെത്തിയ മലയാളി യുവതിയും പിഞ്ചുകുഞ്ഞും സൗദി ജയിലില്‍

കോട്ടയം: മസ്തിഷ്‌ക രോഗിയായ മലയാളി യുവതിയും കുഞ്ഞും സൗദി ജയിലില്‍. കോട്ടയം ചങ്ങനാശ്ശേരിയിലുള്ള ഹിസാന ഹുസൈനും (26), പിഞ്ചുകുഞ്ഞുമാണ് സൗദിയിലെ ജയിലിലായത്. മരുന്നുമായി സൗദി അറേബ്യയിലുള്ള ഭര്‍ത്താവിനൊപ്പം ആറു മാസത്തേയ്ക്ക് താമസിക്കാന്‍ എത്തിയ യുവതിയും കുഞ്ഞുമാണ്  വിമാനത്താവളത്തില്‍ പിടിയിലാകുകയും ദമാം ജയിലില്‍ അടക്കപ്പെടുകയും ചെയ്തിരിക്കുന്നത്.

 

ചൊവ്വാഴ്ച പകലാണ് ഹിസാന കുഞ്ഞിനൊപ്പം കൊച്ചിയില്‍ നിന്നു സൗദി അറേബ്യയിലുള്ള ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് പോയത്. ദമാം വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ മരുന്നു കണ്ട് മയക്കുമരുന്നാണെന്ന് തെറ്റിദ്ധരിച്ചാണ് ഡ്രഗ്‌സ് ആന്റ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം അമ്മയെയും കുഞ്ഞിനെയും പിടികൂടി ജയിലില്‍ അടച്ചതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് കുഞ്ഞിനെ വിട്ടയച്ചുവെങ്കിലും ഹിസാന ഇപ്പോഴും ജയിലില്‍ തന്നെയാണ്.

 

മസ്തിഷ്‌ക രോഗിയായ ഇവര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റിന്റെ ചികിത്സയിലായിരുന്നു. ഇതേതുടര്‍ന്ന് ഡോക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ആറു മാസത്തേയ്ക്കുള്ള മരുന്നും ഒപ്പം കരുതിയത്. എന്നാല്‍, ദമാം വിമാനത്താവളത്തിലെത്തി നടത്തിയ പരിശോധനയില്‍ ഇവരെ ഡ്രഗ് ആന്റ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടുകയായിരുന്നു. വിവരം നാട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹിസാനയുടെ ചികിത്സാ റിപ്പോര്‍ട്ട് എംബസിയ്ക്ക് അയച്ചുകൊടുക്കുകയും ഹിസാനയുടെ ഭര്‍ത്താവ് എംബസി ആവശ്യപ്പെട്ട എല്ലാ റിപ്പോര്‍ട്ടുകളും കൈമാറുകയും ചെയ്തിട്ടുണ്ട്.എന്നാല്‍, ഡോക്ടറുടെ കുറിപ്പ് ഉണ്ടെങ്കില്‍ പോലും മരുന്നുകളുമായി സൗദിയിലേയ്ക്ക് എത്തരുതെന്ന് മുന്നറിയിപ്പ് നല്‍കാറുണ്ടെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

 

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ കഴിയുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മന്ത്രാലയത്തില്‍ നിന്നും ഇടപെടല്‍ ഉണ്ടായതോടെയാണ് കുഞ്ഞിനെ ജയിലില്‍ നിന്നും വിട്ടയയ്ക്കാന്‍ അധികൃതര്‍ തയ്യാറായത്.

LEAVE A REPLY