ചൂയിങ് ഗം ചവയ്ക്കുന്ന ശീലം നല്ലതാണോ?

ചൂയിങ്ഗം ചവയ്ക്കുന്ന ശീലം നല്ലതാണോ? എന്നാൽ ഇത് അത്ര നല്ല ശീലമല്ല. ചൂയിങ് ഗം ചവയ്ക്കുന്നത് തലച്ചോര്‍ അടക്കമുള്ള നമ്മുടെ നാഡീവ്യൂഹ വ്യവസ്ഥയെ ദോഷകരമായി ബാധിക്കാമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അടുത്തിടെ നടന്ന ഒരു പഠനത്തിൽ പറയുന്നു. ചൂയിങ്കത്തിൽ അടങ്ങിയിട്ടുള്ള മൈക്രോ പ്ലാസ്റ്റിക്കുകളാണ് അപകടകാരി. പുതിയ കാലത്തെ ചൂയിങ്ങ് ഗമ്മുകളുടെ ബേസായി പോളിഎത്തിലീന്‍, പോളിവിനൈല്‍ അസറ്റേറ്റ് പോലുള്ള സിന്തറ്റിക് പോളിമറുകള്‍ ഉപയോഗിക്കാറുണ്ടെന്ന് ഗുരുഗ്രാം ആര്‍ട്ടെമിസ് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജറി ഡയറക്ടര്‍ ഡോ. ആദിത്യ ഗുപ്ത മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് ബാഗുകളിലും പശകളിലുമൊക്കെ ഉപയോഗിക്കുന്ന വസ്തുക്കളാണ് ഇവ. ചൂയിങ് ഗം ചവയ്ക്കുമ്പോള്‍ ഉമിനീരും ഘര്‍ഷണവും ഗമ്മിന്റെ പ്രതലത്തെ ശിഥിലമാക്കി ആയിരക്കണക്കിന് സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ ആമാശയത്തിൽ എത്തുന്നതായി ഡോ. ആദിത്യ വ്യക്തമാക്കി. ഓരോ ഗ്രാം ചൂയിങ്കത്തിൽ 100 മൈക്രോപ്ലാസ്റ്റിക്കുകള്‍ ശരീരത്തിനുള്ളിലെത്തുന്നതായും, വലുപ്പം കൂടി ഗമ്മാണെങ്കില്‍ ആയിരം വരെയും പോകാമെന്നും പഠനറിപ്പോര്‍ട്ടിൽ പറയുന്നു. ശരീരത്തിലെ പ്രതിരോധ പ്രവർത്തനം, തലച്ചോര്‍, നാഡീവ്യൂഹ വ്യവസ്ഥ എന്നിവയെല്ലാം മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ ദോഷകരമായി ബാധിക്കുന്നു.