സർക്കാർ ജീവനക്കാർക്ക് പുതുക്കിയ ശമ്പളം ഏപ്രിൽ 1 മുതൽ

പതിനൊന്നാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതുക്കിയ ക്ഷാമബത്ത 2019, ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തോടെ നടപ്പാക്കും. കമ്മീഷന്‍ ശുപാര്‍ശ ചെയ്ത അലവന്‍സുകള്‍ക്ക് 2021 മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരോഗ്യമേഖലയില്‍ മാത്രം കമ്മീഷന്‍ പ്രത്യേകമായി ശുപാര്‍ശ ചെയ്ത സ്‌കെയില്‍ അനുവദിക്കും. ഇതര മേഖലകളില്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സ്‌കെയിലുകള്‍, കാരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം മുതലായവ സംബന്ധിച്ച് സെക്രട്ടറിതല സമിതിയുടെ പരിശോധനയ്ക്ക് ശേഷം വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയങ്ങള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുന്നതിന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കും ഈ സമിതിയുടെ കണ്‍വീനര്‍.

പെന്‍ഷന്‍ പുതുക്കുന്നത് സംബന്ധിച്ച തീരുമാനം ധനകാര്യവകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം എടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY