സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്നതിനിടെ എയർഹോസ്റ്റസായ യുവതി ലൈംഗികമായി പീഡീപ്പിക്കപ്പെട്ടതായി റിപ്പോർട്ട്. ഗുരുഗ്രാമിൽ ഏപ്രിൽ 6നായിരുന്നു സംഭവം. ഏപ്രിൽ 13ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയതിനു ശേഷമാണ് പീഡിപ്പിക്കപ്പെട്ട വിവരം യുവതി ഭർത്താവിനോടു വ്യക്തമാക്കിയത്. യുവതിയുടെ പരാതിയിൽ സദർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിയാന പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്. എയർലൈൻസ് കമ്പനിക്കുവേണ്ടി പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമിൽ എത്തിയത്. ഹോട്ടലിൽ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീഡനസമയത്ത് യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെ സംസാരിക്കാൻ പോലും സാധിക്കാതെയാണ് കഴിഞ്ഞിരുന്നതെന്നും വളരെ ഭയന്നിരുന്നതായും യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായി ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി സമയം അന്വേഷിക്കുന്നതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും പൊലീസ് ചൂണ്ടിക്കാട്ടി. പ്രതിയെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.



















