മോദിയുടെ നാട്ടില്‍നിന്ന് 2000ന്റെ വ്യാജന്‍: ഫോട്ടോസ്റ്റാറ്റ് അല്ല, ഉഗ്രന്‍ കള്ളനോട്ട്

ഗുജറാത്ത്: 2000 രൂപയുടെ പുതിയ നോട്ട് ഇറങ്ങി ഉടന്‍തന്നെ നോട്ടിന്റെ വ്യാജന്‍ രംഗത്തെത്തിയതും രാജയത്ത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റാണ് വ്യാജന്റെ രൂപത്തില്‍ എത്തിയതെന്നും, ശരിക്കുള്ള നോട്ട് കണ്ടിട്ടില്ലാത്തവരാണ് കബളിപ്പിക്കപ്പെട്ടതെന്ന്ും തെളിഞ്ഞിരുന്നു. എന്നാലിതാ ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഒരു വ്യാജന്‍. ഇത്തവണ ഫോട്ടോസ്റ്റാറ്റ് അല്ല, നോട്ട് കണ്ടിട്ടുള്ളവരെപ്പോലും കബളിപ്പിക്കുന്ന 2000ന്റെ ഒന്നാന്തരം കള്ളനോട്ട്. വ്യാജന്‍ ആദ്യമെത്തിയതാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്തില്‍നിന്നും.

ഗുജറാത്തിലെ ഒരു പാന്‍ ഷോപ്പ് ഉടമയ്ക്കാണ് വ്യാജ നോട്ട് ലഭിച്ചത്. ഗുജറാത്തിലെ കടയില്‍ ലഭിച്ച 2000 ത്തിന്റെ നോട്ടില്‍ വ്യാജ സെക്യൂരിറ്റി ത്രഡ്ഡും ദേശീയ ചിഹ്നത്തിന് താഴെയായി വാട്ടര്‍മാര്‍ക്കും കൊടുത്തിട്ടുണ്ട്.
ഗുജറാത്തിലെ ബംഗ്ലാവ് റോഡില്‍ വാന്‍ഷ് ബറോട്ട് എന്നയാളുടെ ഉടമസ്ഥതയിലാണ് പാന്‍-സോഡ ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതിന് സമീപമാണ് ബാങ്കും പ്രവര്‍ത്തിക്കുന്നത്. ബാങ്കില്‍ നോട്ട് മാറാനായി ക്യൂ നില്‍ക്കുന്നവര്‍ ഇദ്ദേഹത്തിന്റെ കടയില്‍ കയറിയാണ് സ്നാക്സും കൂള്‍ഡ്രിങ്ക്സും കഴിക്കുന്നത്. ഇത്തരത്തില്‍ എത്തിയ ഒരാള്‍ നല്‍കിയ നോട്ടുകളാണ് ഇവയെന്ന് കടയുടമ പറയുന്നു. ഒറ്റനോട്ടത്തില്‍ നോട്ടിന്റെ വ്യത്യാസം കണ്ടെത്താനായില്ലെന്നും, പിന്നീട് സംശയം തോന്നി മറ്റ് നോട്ടുമായി താരതമ്യം ചെയ്തപ്പോഴാണ് അബദ്ധം മനസ്സിലായതെന്നും കടയുടമ വ്യക്തമാക്കുന്നു.

തുടര്‍ന്ന് നോട്ടുമായി ഇയാള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ലാല്‍ ദര്‍വാസ ബ്രാഞ്ചിലേക്ക് പോയി. അവിടുത്തെ മാനേജരും നോട്ട് വ്യാജമാണെന്ന് ഉറപ്പിച്ചു. പണവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് പോയെങ്കിലും സമയം കഴിഞ്ഞതിനാല്‍ അവിടെ അടച്ചുപോയിരുന്നു. വിഷയത്തില്‍ ആര്‍.ബി.ഐയില്‍ പരാതി നല്‍കുമെന്നും ഇദ്ദേഹം അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY