അഴകും ആരോഗ്യവുമുള്ള നഖങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കാം

ഒരു വ്യക്തിയുടെ ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തെയാണ് നഖം പ്രതിഫലിപ്പിക്കുന്നത്. നഖങ്ങളുടെ ദൃഢത നോക്കി ഒരു വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ച് ഏകദേശ രൂപം ലഭിക്കും. ചിലരുടെ നഖങ്ങൾ വളരെ ആരോഗ്യത്തോടെ ഇരിക്കുന്നത് കാണാം. എന്നാൽ മറ്റു ചിലരുടേത് പൊട്ടിയതോ ദ്രവിച്ചതോ ആയി കാണാറുണ്ട്. ഇതിന് പല കാരണങ്ങളാണ് ഉള്ളത്. വീട്ടിൽ തന്നെ കൃത്യമായ പരിചരണം നൽകിയാൽ അഴകും ആരോഗ്യവുമുള്ള നഖങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കാം.

നഖങ്ങളുടെ ബലം കൂട്ടാൻ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് സഹായിക്കും. വെളിച്ചെണ്ണയിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്, കൂടാതെ ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് വെളിച്ചെണ്ണ. ഇതിനായി രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ വിരലുകളിലും നഖങ്ങളിലും അല്പം വെളിച്ചെണ്ണ പുരട്ടി ഉറങ്ങുക.

നഖം വളരാൻ ഏറ്റവും മികച്ചതാണ് വൈറ്റമിൻ സി. വീട്ടിലെ അടുക്കളയിൽ ഏറ്റവും സുലഭമായി ലഭിക്കുന്ന ഒന്നാണ് നാരങ്ങ. ഇത് നഖത്തിൻ്റെ ആരോഗ്യത്തിന് ഏറെ മികച്ചതാണ്. നാരങ്ങ നിങ്ങളുടെ വിരളിലെ നഖങ്ങളിലും കാൽവിരലിലെ നഖങ്ങളിലും ദിവസത്തിൽ ഒരിക്കലെങ്കിലും തടവാൻ ശ്രമിക്കുക. അഞ്ച് മിനിറ്റ് വച്ച ശേഷം ചെറുചൂടുള്ള വെള്ളത്തിൽ നഖമെല്ലാം കഴുകി വ്യത്തിയാക്കാം. ഇത് നിങ്ങളുടെ നഖങ്ങൾ വളരാൻ സഹായിക്കുകയും അവയെ വൃത്തിയുള്ളതും ബാക്ടീരിയ വിമുക്തമാക്കുകയും ചെയ്യും.

വളരെയധികം കേടുപാടുകളും പൊട്ടലുമുള്ള നഖങ്ങളാണെങ്കിൽ ഒലീവ് ഓയിൽ ഒരു മികച്ച പരിഹാര മാർഗമാണ്. ഒലീവ് ഓയിൽ നഖങ്ങളുടെ ആന്തരിക പാളിയിൽ എത്തുകയും കേടുപാടുകളെ പരിഹരിക്കുകയും ചെയ്യും. നഖങ്ങളുടെ വരൾച്ച ഇല്ലാതാക്കാൻ ഇത് ഏറെ സഹായിക്കുന്നു. ഇതിനായി കുറച്ച് വെർജിൻ ഒലിവ് ഓയിൽ ചൂടാക്കി ഏകദേശം അഞ്ച് മിനിറ്റ് നേരം നിങ്ങളുടെ നഖങ്ങളിലും പുറംതൊലിയിലും സൌമ്യമായി മസാജ് ചെയ്യുക. കയ്യുറകൾ കൊണ്ട് കൈകൾ രാത്രി മുഴുവൻ മൂടി വച്ചാൽ ഗുണം ഇരട്ടിയായി ലഭിക്കും.

LEAVE A REPLY