പൊണ്ണത്തടി കുറയ്ക്കാനുള്ള ‘മൗന്‍ജാരോ’ എന്ന മരുന്ന് ഇന്ത്യയില്‍ പുറത്തിറക്കിയാതായി റിപ്പോർട്ട്

പൊണ്ണത്തടി കുറയ്ക്കാനുള്ള ‘മൗന്‍ജാരോ’ എന്ന മരുന്ന് ഇന്ത്യയില്‍ പുറത്തിറക്കിയാതായി റിപ്പോർട്ട്. അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള യു.എസ്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ‘എലി ലില്ലി’യുടെ പ്രശസ്തമായ മരുന്നാണ് ‘മൗന്‍ജാരോ’. (ടിര്‍സെപാറ്റിഡ്) സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് ‘മൗന്‍ജാരോ’ ഇന്‍ജക്ഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആഴ്ചയിൽ ഒരിക്കലാണ് മൗന്‍ജാരോ ഇന്‍ജക്ഷന്‍ എടുക്കേണ്ടത്. 5 മില്ലിഗ്രാം വയാലും 2.5 മില്ലിഗ്രാം വയാലുമാണ് ഇന്ത്യയില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 5 മില്ലിഗ്രാം വയാലിന് 4,375 രൂപയാണ് വില. 2.5 മില്ലിഗ്രാം വയാലിന് 3,500 രൂപയും. നാച്യുറല്‍ ഇന്‍ക്രെറ്റിന്‍ ഹോര്‍മോണുകളായ ജിഐപി, ജിഎല്‍പി-1 എന്നിവയെ ആക്ടിവേറ്റ് ചെയ്യുകയാണ് ‘മൗന്‍ജാരോ’ ഇന്‍ജക്ഷന്‍ ചെയ്യുന്നത്. ഇത് ഡോക്ടറുടെ കുറിപ്പടിപ്രകാരം മാത്രം ഉപയോഗിക്കേണ്ട മരുന്നാണ്.യു.എസില്‍ ‘സെപ്ബൗണ്ട്’ എന്നപേരിലും ഇതേ ഇന്‍ജക്ഷന്‍ വില്‍ക്കുന്നുണ്ട്. എന്നാൽ ‘മൗന്‍ജാരോ’യ്ക്ക് ഇന്ത്യന്‍ വിപണയില്‍ പ്രഖ്യാപിച്ച വില കൂടുതലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഈ വിലയാണെങ്കില്‍ ഒരുവര്‍ഷം ലക്ഷക്കണക്കിന് രൂപ ഒരു രോഗി മരുന്നിനായി ചെലവഴിക്കേണ്ടിവരുമെന്നും വിദഗ്ധര്‍ കൂട്ടിച്ചേർത്തു.