സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം : ശൈലജ ടീച്ചർ

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഇന്ന് സംസ്ഥാനത്ത് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 9 പേർ ഇന്ന് രോഗമുക്തി നേടിയെന്നും ശൈലജ ടീച്ചർ അറിയിച്ചു.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും ശൈലജ ടീച്ചർ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുതുതായി 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയതായും ശൈലജ ടീച്ചർ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 80 ആയതായും മന്ത്രി പറഞ്ഞു.

LEAVE A REPLY