കാൻസർ ചികിത്സയ്ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജില്ലാ ആശുപത്രികളിൽ 4 മുതൽ 6 കിടക്കയുള്ള ഡേ കെയർ സെന്ററുകൾ ആരംഭിക്കാൻ നടപടി ആരംഭിച്ചു. ഈ വർഷത്തെ കേന്ദ്രബജറ്റിൽ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 200 സെന്ററുകൾ ഈ വർഷം തന്നെ ആരംഭിക്കുക എന്നതാണ് ലക്ഷ്യം. കീമോ തെറപ്പിയും മരുന്നുകളും ഡേ കെയർ സെന്ററുകളിൽ ലഭ്യമാക്കുന്നതാണ്. ഓങ്കോളജിസ്റ്റോ പരിശീലനം നേടിയ മെഡിക്കൽ ഓഫിസർ ആകും ഇവിടത്തെ ചികിത്സയ്ക്കു മേൽനോട്ടം വഹിക്കുക. 2 നഴ്സുമാർ, ഫാർമസിസ്റ്റ്, കൗൺസിലർ, വാർഡ് ജീവനക്കാരൻ എന്നീ ആരോഗ്യപ്രവർത്തകരെ നിയമിക്കുകയും ചെയ്യും. പ്രധാന കാൻസർ കേന്ദ്രങ്ങളിൽ ആദ്യഘട്ട ചികിത്സ പൂർത്തിയായ ശേഷം രോഗികളെ ഇവിടേക്കു വിടുന്ന രീതിയിലാണു ഈ പദ്ധതി ആവിഷ്കരിക്കുന്നത്. രാജ്യത്തെ 764 ജില്ലാ ആശുപത്രികളിൽ നിലവിൽ കാൻസർ ചികിത്സാ സൗകര്യങ്ങളില്ല.




















