എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ SMA രോഗബാധിതയായ സിയാ മെഹ്റിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ SMA രോഗബാധിതയായ സിയാ മെഹ്റിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. ഈ വർഷത്തെ SSLC പരീക്ഷാഫലം വ്യക്തിപരമായി ഏറെ സന്തോഷം നൽകുന്നതാണ് എന്ന തലക്കെട്ടോടെയാണ് മന്ത്രി ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സർക്കാർ തലത്തിൽ SMA ബാധിതരായവർക്ക് ആദ്യമായി നട്ടെല്ലിന്റെ വളവുനിവർത്തൽ സർജറി ചെയ്തത് സിയക്കാണ്. 2023 മെയ് മാസത്തിൽ ആയിരുന്നു ശസ്ത്രക്രിയ നടത്തിയത്. ക്ലാസ്മുറികളിൽ നിവർന്നിരിക്കാനും പഠിക്കാനും ബുദ്ധിമുട്ടിയിരുന്ന SMA രോഗബാധിതയായ സിയാ മെഹ്റിൻ എന്ന മകൾ മികച്ച വിജയം നേടിയിരിക്കുന്നത് ഒരുപാട് പേർക്ക് പ്രചോദനമാണ് എന്ന് ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. നവകേരളസദസ്സിൽ കോഴിക്കോട് വെച്ച് സിയ നല്കിയ നിവേദനത്തിന്മേലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം SMA ബാധിതർക്കുള്ള സൗജന്യ മരുന്നുവിതരണം 12 വയസ്സ് വരെ നല്കാനുള്ള നടപടികൾ കൈക്കൊണ്ടത്. SMA ബാധിതരായ കുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നല്കുന്നതിനായി സർക്കാർ 2024 ഫെബ്രുവരി മാസം KARE പദ്ധതി ആവിഷ്കരിക്കുകയുണ്ടായി.
സിയയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും സന്തോഷം പങ്ക് വെക്കുകയും ചെയ്തു എന്നും, എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ നേരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY