അമിതമായി സംസ്കരിച്ച ഭക്ഷണം വില്ലൻ ആകുന്നു. യു.കെ യിലെ ചെറുപ്പക്കാർക്കിടയിൽ കുടലിലെ അർബുദം കൂടുന്നുവെന്ന് പഠന റിപ്പോർട്ട്. ലോകമാകെ അർബുദം ബാധിച്ചുള്ള മരണങ്ങളിൽ രണ്ടാമതാണ് കുടലിലെ അർബുദം. 55 വയസ്സിനുതാഴെയുള്ളവരിൽ കുടലിലെ അർബുദം ഇരട്ടിയിലധികമായി വർധിച്ചുവെന്നാണ് കണ്ടെത്തൽ. 25 മുതൽ 49 വയസ്സുവരെയുള്ളവരിൽ ഈ രോഗം ഓരോ വർഷവും 3.6 ശതമാനം വർധിച്ചുവരുന്നതായി കാൻസർ റിസർച്ച് യുകെ വ്യക്തമാക്കുന്നത്. അമിതമായി സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപയോഗമാണ് കേസുകളുടെ വർധനവിലേക്ക് നയിച്ച പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഈ ഭക്ഷണങ്ങൾ ദഹനം, രോഗപ്രതിരോധം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്ന ബാക്ടീരിയകളെ ബാധിക്കുന്നു. ഇത്, കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് വഴിവയ്ക്കുന്നു. അർബുദ സാധ്യത കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി തുടരുന്നതിനുമായി പ്രഭാതഭക്ഷണത്തിൽ യോഗർട്ട് ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. പതിവായി യോഗർട്ട് കഴിക്കുന്നത് കുടലിലെ അർബുദ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി. കാൻസർ പ്രതിരോധത്തിൽ പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും പഠനം സൂചിപ്പിക്കുന്നു.






















