പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഹീമോഫീലിയ രോഗികളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നത്. ഹീമോഫീലിയ രോഗ പരിചരണത്തിന് രാജ്യത്ത് ആദ്യമായി നൂതന ചികിത്സയായ വിലയേറിയ എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു. നിലവില്‍ 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കും 18 വയസിന് മുകളിലുള്ള ഗുരുതര രോഗികള്‍ക്കും ഉള്‍പ്പെടെ 324 പേര്‍ക്ക് എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 58 കോടിയോളം രൂപയുടെ ചികിത്സ സൗജന്യമായി നല്‍കി. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കി വരുന്നത്. ഹീമോഫിലിയ പോലെയുള്ള അപൂര്‍വ രോഗം ബാധിച്ചവരെ പ്രത്യേകമായി ചേര്‍ത്തുനിര്‍ത്തുന്ന സമീപനമാണ് സര്‍ക്കാര്‍ എക്കാലവും സ്വീകരിച്ചു വരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.






















