അതിര്‍ത്തി ലംഘിച്ച പാക് വിമാനങ്ങളെ ഇന്ത്യ തുരത്തിയോടിയച്ചു ; കശ്മീരിലെ നാലു വിമാനത്താവളങ്ങള്‍ അടച്ചു, കനത്തജാഗ്രത

ന്യൂഡല്‍ഹി: അതിര്‍ത്തിക്കപ്പുറത്തുള്ള തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചതിന് പിന്നാലെ വ്യോമാതിര്‍ത്തി ലംഘിച്ച് എത്തിയ പാക് വിമാനങ്ങളെ ഇന്ത്യ തുരത്തി. . ഒരു വിമാനം ഇന്ത്യ വെടിവെച്ചിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ജമ്മുകശ്മീര്‍ മേഖലയിലെ നൗഷാരയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയിലേക്ക് വിമാനങ്ങള്‍ കടന്നു കയറിയതായി ഉന്നത സൈനിക വൃത്തങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്.

പാകിസ്താനില്‍ നിന്നും ഉണ്ടായേക്കാവുന്ന ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ ജാഗരൂകരായി നില്‍ക്കുകയാണ് ഇന്ത്യന്‍ സൈന്യം. വിമാനത്താവളങ്ങളായ ലെ, ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളെല്ലാം കനത്ത സുരക്ഷാവലയത്തിലാണ്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി.

പാകിസ്താന്റെ മൂന്ന് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെന്നും നിയന്ത്രണരേഖയ്ക്ക് സമീപം ബോംബ് വര്‍ഷിച്ചെന്നുമാണ് വിവരം. മൂന്ന് വിമാനങ്ങള്‍ക്ക് നേരെയും ശക്തമായ പ്രത്യാക്രമണം ഇന്ത്യ നടത്തിയെന്നാണ് വിവരം. ഒരു വിമാനം ഇന്ത്യ വെടിവെച്ചിട്ടതായും പാക് നിയന്ത്രണമേഖലയില്‍ വിമാനം തകര്‍ന്നു വീണതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ ആക്രമണം നടത്തിയതായി പാകിസ്താന്‍ വിദേശകാര്യ വകുപ്പ് പ്രസ്താവന പുറത്തിറക്കി.

ഇതിനിടയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയൂം പൈലറ്റും സഹപൈലറ്റും മരണമടയുകയും ചെയ്തിട്ടുണ്ട്. സാങ്കേതിക തകരാര്‍ എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന വിശദീകരണം. ഇന്നലെ ഗുജറാത്ത് മേഖലയില്‍ കൂടി പറന്ന പാകിസ്താന്റേത് എന്ന് കരുതുന്ന ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ച് ഇട്ടിരുന്നു. ഇന്ത്യയുടെ വ്യോമാക്രമണത്തിന് മറുപടി നല്‍കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സൈന്യത്തിന് പൂര്‍ണ്ണാധികാരം നല്‍കിയതായിട്ടാണ് വിവരം.

ഇന്ത്യന്‍ വ്യോമസേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. തിരിച്ചടിക്കാനുള്ള പാക് നീക്കമാണ് ഇന്ത്യ തകര്‍ത്തതെന്നാണ് വിലയിരുത്തല്‍. നേരത്തേ പാകിസ്താനിലെ ബലാക്കോട്ടേ, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ ഇന്നലെ പുലര്‍ച്ചേ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ 325 തീവ്രവാദികളും 25 പരിശീലകരും കൊല്ലപ്പെട്ടതായും തീവ്രവാദി കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുകയും ചെയ്തിരുന്നു.