അച്ഛന്‍ അങ്ങനെ പലതും പറയുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി… രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് പറയാന്‍ വെള്ളാപ്പള്ളി നടേശന് വയനാട്ടില്‍ വോട്ടില്ലല്ലോ….

വയനാട്ടില്‍ രാഹുല്‍ഗാന്ധി ജയിക്കുമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരേ മകനും ബിഡിജെഎസ് അദ്ധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. രാഹുല്‍ഗാന്ധി ജയിക്കുമെന്ന് പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ വയനാട്ടിലെ വോട്ടര്‍ അല്ലെന്ന് ആയിരുന്നു തുഷാറിന്റെ മറുപടി.

കേന്ദ്രത്തില്‍ എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ അധികാര സ്ഥാനങ്ങള്‍ ബിഡിജെഎസ് ചോദിച്ചു വാങ്ങുമെന്നും അധികാരമില്ലാതെ ഒരു മുന്നണിയിലും തുടരാനാകില്ലെന്നും തുഷാര്‍ തുറന്നടിച്ചു.

കേരളത്തില്‍ എന്‍ഡിഎ മൂന്ന് സീറ്റുകള്‍ നേടും. ബിജെപി ശക്തമല്ലാത്ത ചിലയിടങ്ങളില്‍ പ്രചാരണത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടെന്നും തുഷാര്‍ ആലപ്പുഴയില്‍ പറഞ്ഞു. വയനാട്ടില്‍ തുടക്കത്തില്‍ പ്രചാരണവുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

കേരളത്തില്‍ എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റ് നേടുമെന്ന് വിലയിരുത്തിയ തുഷാര്‍ അധികാരങ്ങള്‍ ഇല്ലാതെ ഇനി മുന്നോട്ട് പോകില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുള്ളതായും വ്യക്തമാക്കി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തന്നെ മത്സരിപ്പിച്ചത് ബിജെപി ദേശീയ നേതൃത്വത്തിന്റെ ആവശ്യപ്രകാരം ആയിരുന്നു. സാഹചര്യം ഒത്താല്‍ ബിഡിജെഎസ് അധികാരത്തിന്റെ ഭാഗമാകുമെന്നും പറഞ്ഞു.

പ്രധാനമന്ത്രിയും അമിത് ഷായും വയനാട്ടില്‍ പ്രചാരണത്തിന് വരാത്തതില്‍ പരാതി ഇല്ല. പ്രധാനമന്ത്രിയുടെ പാക് പരാമര്‍ശമൊന്നും വയനാട്ടില്‍ ദോഷം ചെയ്യില്ല.എന്‍ഡിഎ അധികാരത്തില്‍ വരികയാണെങ്കില്‍ അര്‍ഹിച്ച അംഗീകാരങ്ങളും സ്ഥാനവും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി കാര്യമായ പ്രചരണം നടത്തിയില്ലെന്ന ആരോപണം തുഷാര്‍ വിഴുങ്ങുകയും ചെയ്തു. ബിജെപി പൂര്‍ണമായും സഹകരിച്ചതായി ചേര്‍ത്തലയില്‍ ചേര്‍ന്ന നേതൃയോഗം വിലയിരുത്തി. തുടക്കത്തില്‍ വിഷയം ഉണ്ടായെങ്കിലും പിന്നീട് പരിഹരിച്ചു. ബിജെപി വയനാട്ടില്‍ സഹകരിച്ചില്ലെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നും ഇക്കാര്യത്തില്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന തെറ്റാണെന്നും വീശദീകരണം ചോദിച്ചിട്ടുണ്ടെന്നും പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം വയനാട്ടിലെ വോട്ടര്‍ അല്ലെന്ന് തുഷാര്‍ പറഞ്ഞത്. ഭാവിരാഷ്ര്ടീയം കൂടി മുന്‍നിര്‍ത്തി ബിജെപിക്കെതിരെ പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് തുഷാര്‍ മാധ്യമങ്ങളെ കണ്ടത്.

എന്നാല്‍ വയനാട്, മാവേലിക്കര, ആലത്തൂര്‍ മണ്ഡലങ്ങളില്‍ ബിജെപി സംഘടന സംവിധാനം പൂര്‍ണമായും പിന്തുണച്ചില്ലെന്ന പരാതി ഭാരവാഹികള്‍ യോഗത്തില്‍ ഉന്നയിച്ചു. ബിഡിജെഎസ് സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പറഞ്ഞത്.

ഇതിനിടെ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രണ്ടിടത്തും ജയിച്ചാല്‍ ഒരെണ്ണം ഉപേക്ഷിക്കുമെന്നും ആ സീറ്റ് സഹോദരി പ്രിയങ്കയ്ക്കായി നല്‍കുമെന്നും റിപ്പോര്‍ട്ട്.

യുപിയിലെ അമേഠിക്ക് പുറമേ കേരളത്തിലെ വയനാട്ടിലും കൂടി മത്സരിക്കുന്ന രാഹുല്‍ രണ്ടിടത്തും ജയം നേടിയാല്‍ അമേഠി കൈവിട്ടേക്കുമെന്നും കോണ്‍ഗ്രസിന്റെ മറ്റൊരു സുരക്ഷിത മണ്ഡലമായ ഇവിടെ സഹോദരിയെ മത്സരിപ്പിച്ചേക്കുമെന്നുമാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് കുടുംബരാഷ്ര്ടീയം പയറ്റുകയാണെന്ന ബിജെപിയുടെയും നരേന്ദ്രമോഡിയുടെ ആരോപണങ്ങള്‍ ശരി വെയ്ക്കുന്ന രീതിയിലാണ് അണിയറ നീക്കങ്ങള്‍. മത്സരിക്കാനായി രാഹുല്‍ പതിവ് മണ്ഡലമായ അമേഠിയ്ക്ക് പുറമേ വയനാട് കൂടി തെരഞ്ഞെടുത്തപ്പോള്‍ ചിരിച്ചവരും പരിഹസിച്ചവരും ഏറെയാണ്.

പാര്‍ലമെന്റ് പ്രവേശനം ഉറപ്പാക്കാന്‍ രാഹുല്‍ സുരക്ഷിത താവളം തേടി ഓടിയെന്നായിരുന്നു ബിജെപിയുടെ പരിഹാസം. എന്നാല്‍ രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തി അമേഠി കൈവിടുമെന്നാണ് കേള്‍ക്കുന്നത്.

LEAVE A REPLY