ഇന്ത്യക്കാർക്ക് ബ്ലഡ് പ്രഷർ നോക്കാൻ മടിയെന്നു പഠന റിപ്പോർട്ട്

ഇന്ത്യക്കാർക്ക് ബ്ലഡ് പ്രഷർ നോക്കാൻ മടിയെന്നു പഠന റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഭാഗമായ നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫർമാറ്റിക്‌സ് ആൻഡ് റിസർച്ചാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 18നും 54നും ഇടയിൽ പ്രായമായ ഇന്ത്യക്കാരിൽ 10ൽ മൂന്ന് പേരും തങ്ങളുടെ രക്തസമ്മർദ്ദം പരിശോധിപ്പിച്ചിട്ടേയില്ലെന്ന് പഠനം പറയുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത്, നാഗാലാൻഡ് എന്നിവിടങ്ങളിൽ രക്തസമ്മർദ്ദം പരിശോധിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും പഠനറിപ്പോർട്ട് പറയുന്നു. പരിശോധനയുടെ ആവശ്യകതയെ സംബന്ധിച്ച അറിവില്ലായ്മ, മോശം വാർത്തകൾ കേൾക്കേണ്ടി വരുമോ എന്ന ഭയം, സാമ്പത്തിക പരാധീനതകൾ എന്നിവയാണ് രക്തസമ്മർദ്ദം പരിശോധിക്കാനുള്ള മടിയുടെ കാരണങ്ങളായി പഠനത്തിൽ കണ്ടെത്തിയത്. അതേ സമയം ദക്ഷിണേന്ത്യയിലുള്ളവരിൽ ശരാശരി 76 ശതമാനം പേർ ജീവിതത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ രക്തസമ്മർദ്ദം പരിശോധിപ്പിച്ചിട്ടുള്ളവരാണെന്ന് പഠനം പറയുന്നു. രക്തസമ്മർദ്ദ പരിശോധനയെ സംബന്ധിച്ച തെറ്റിദ്ധാരണകൾ അകറ്റുന്നത് കൂടുതൽ പേർ പരിശോധനകൾക്ക് വിധേയരാകാൻ സഹായിക്കുമെന്ന് പഠനം നിർദ്ദേശിക്കുന്നു. ഇന്റർനാഷണൽ ജേണൽ ഓഫ് പബ്ലിക് ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

LEAVE A REPLY