കൂടുതൽ പച്ചപ്പും ഹരിതാഭയുമൊക്കെയുള്ള നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്

കൂടുതൽ പച്ചപ്പും ഹരിതാഭയുമൊക്കെയുള്ള നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്. ടെക്‌സാസിലെ എ ആൻഡ്‌ എം യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ്‌ പബ്ലിക്‌ ഹെൽത്തിലെ ഗവേഷകരാണ്‌ പഠനം നടത്തിയത്‌. നഗരങ്ങളുടെ വായുനിലവാരം, ശബ്ദ, പ്രകാശ മലിനീകരണം, മരത്തലപ്പുകളുടെ വ്യാപ്‌തി എന്നിവയെല്ലാം അളക്കുന്ന നേച്ചർ സ്‌കോർ ഉപയോഗിച്ചാണ്‌ ഗവേഷകർ പഠനം നടത്തിയത്‌. നേച്ചർ സ്‌കോറിനൊപ്പം 2014 മുതൽ 2019 വരെയുള്ള ടെക്‌സാസ്‌ ഹോസ്‌പിറ്റൽ ഔട്ട്‌ പേഷ്യന്റ്‌ പബ്ലിക്‌ യൂസ്‌ ഡേറ്റ ഫയലുകളും ഗവേഷണത്തിനായി ഉപയോഗപ്പെടുത്തി. ഈ ഡേറ്റയിൽ നിന്ന്‌ വിഷാദരോഗം, ബൈപോളാർ തകരാറുകൾ, സമ്മർദ്ദം, ഉത്‌കണ്‌ഠ എന്നിവയെ സംബന്ധിച്ച 6 കോടിയിൽ അധികം ഒപി കേസുകൾ തിരഞ്ഞെടുത്തു. ഒരു പ്രദേശത്തെ നേച്ചർ സ്‌കോർ ഉയരുന്നതിന്‌ അനുസരിച്ച്‌ അവിടുത്തെ മാനസികാരോഗ്യ ചികിത്സകളുടെ തോത്‌ കുറയുന്നതായി ഗവേഷകർ ഇതിൽ നിന്ന്‌ നിരീക്ഷിച്ചു. ഒരു പ്രദേശത്തെ മരങ്ങളുടെയും ചെടികളുടെയും തോത്‌ വർധിക്കുന്നത്‌ കൂടുതൽ മെച്ചപ്പെട്ട മാനസികാരോഗ്യവും ക്ഷേമവും പ്രദേശവാസികൾക്ക്‌ പ്രദാനം ചെയ്യുമെന്ന്‌ ഗവേഷകർ അഭിപ്രായപ്പെടുന്നു. നഗരാസൂത്രണത്തിന്‌ വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകുന്നതാണ്‌ പഠനത്തിലെ കണ്ടെത്തലുകളെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നൽകിയ ഒമർ എം. മക്രം വ്യക്തമാക്കി.

LEAVE A REPLY