കൊച്ചി നഗരവാസികളുടെ മനസ്സിന്റെ സന്തോഷം ലക്ഷ്യമിട്ടു മാനസികാരോഗ്യ സേനയ്ക്കു രൂപം നൽകാനൊരുങ്ങി കോർപറേഷൻ

കൊച്ചി നഗരവാസികളുടെ മനസ്സിന്റെ സന്തോഷം ലക്ഷ്യമിട്ടു മാനസികാരോഗ്യ സേനയ്ക്കു രൂപം നൽകാനൊരുങ്ങി കോർപറേഷൻ. ചെറുപ്പക്കാർക്കിടയിൽ ലഹരി ഉപയോഗം കൂടി വരുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മാനസികാരോഗ്യമാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോർപറേഷനിലെ വിദ്യാഭ്യാസ, ആരോഗ്യ, വികസന കാര്യ സ്ഥിര സമിതികളുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുക. കോർപറേഷനു കീഴിലുള്ള സെന്റർ ഫോർ ഹെറിറ്റേജ്, എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റിനാണു നടത്തിപ്പു ചുമതല. പദ്ധതിയുടെ വിശദ രൂപരേഖ തയാറാക്കാനായി ഹെൽത്ത് ഓഫിസറെ മേയർ എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം ചുമതലപ്പെടുത്തി. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത സ്കൂളുകളിലും രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുത്ത ഡിവിഷനുകളിലും ആയിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയിൽ ഡോക്ടർമാർ, കൗൺസിലർമാർ, മാനസികാരോഗ്യ വിദഗ്ധർ, വൊളന്റിയർമാർ തുടങ്ങിയവരെ ഉൾപ്പെടുത്തും. ജനങ്ങൾക്കു മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കാൻ ടെലികൗൺസലിങ് സംവിധാനവും സജ്ജമാക്കും. കോവിഡ് കാലത്തു വിജയകരമായി നടപ്പാക്കിയ കൗൺസലിങ് പരിപാടിയിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണു പുതിയ പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തിൽ കോർപറേഷനിലെ കൗൺസിലർമാർ, ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർക്കാണ് മാനസികാരോഗ്യ പിന്തുണ ലഭ്യമാക്കുക.

LEAVE A REPLY