ഉറക്കക്കുറവ് സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധത്തിനും പ്രമേഹത്തിനും കാരണമാക്കുമെന്ന് പഠനം

ഉറക്കക്കുറവ് സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധത്തിനും പ്രമേഹത്തിനും കാരണമാക്കുമെന്ന് പഠനം. ഡയബറ്റീസ് കെയര്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ നാഷണല്‍ ഹാര്‍ട്ട്, ലങ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ആന്‍ഡ് ഡൈജസ്റ്റീവ് കിഡ്നി ഡിസീസസും ചേര്‍ന്നാണ് പഠനം നടത്തിയത്. 20 മുതല്‍ 75 വയസ്സ് വരെയുള്ള 40 സ്ത്രീകളിലാണ് പഠനം നടത്തിയത്. ആറാഴ്ച നീളുന്ന രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇവരില്‍ പരീക്ഷണം. കയ്യില്‍ കെട്ടിയ സെന്‍സറിലൂടെയാണ് ഇവരുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യം ഗവേഷകര്‍ അളന്നത്. ആദ്യ ഘട്ടത്തില്‍ ശരാശരി ഏഴര മണിക്കൂര്‍ വച്ച് ഓരോ രാത്രിയും ഉറങ്ങിയ ഇവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ 6 മണിക്കൂറില്‍ താഴെയേ ഉറങ്ങാന്‍ സാധിച്ചുള്ളൂ. പഠനത്തിന്റെ തുടക്കത്തിലും അവസാനത്തിലും ഈ സ്ത്രീകളുടെ രക്തത്തിലെ ഗ്ലൂക്കോസ് തോതും ശരീരത്തിലെ ഇന്‍സുലിന്‍ അളവിലും വത്യാസങ്ങള്‍ കണ്ടതായി ഗവേഷണത്തില്‍ പറയുന്നു. ആറാഴ്ചത്തേക്ക് രാത്രി 6 മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്ന സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധം 14.8 ശതമാനം വര്‍ദ്ധിച്ചതായും, എന്നാല്‍ ഇത് ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ 20.1 ശതമാനം വരെ ഉയര്‍ന്നുവെന്നും ഗവേഷണത്തില്‍ പറയുന്നു.