തൃശൂർ ഗവ: മെഡിക്കൽ കോളേജിൽ രോഗിയുടെ ആക്രമണത്തെത്തുടർന്ന് നാലു യുവാക്കൾക്ക് പരുക്കേറ്റു

തൃശൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ ആക്രമണത്തെത്തുടർന്ന് നാലു യുവാക്കൾക്ക് പരുക്കേറ്റു. ആശുപത്രി സർജറി വാർഡ് 4 ഇൽ മെയ് 12 രാത്രി എട്ടിന് ആണ് സംഭവം നടന്നത്. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കാണുവാനും കൂട്ടിരിക്കുവാനും എത്തിയ യുവാക്കളെയാണ് സമീപത്തെ ബെഡിൽ കിടന്നിരുന്ന രോഗി ശുചിമുറിയുടെ സമീപത്ത് വച്ച് മരത്തിന്റെ കസേര കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഗുരുവായൂർ സ്വദേശി തിയ്യത്ത് ചന്ദ്രൻ മകൻ വിഷ്ണു (30), മറ്റം സ്വദേശി രോഹിത് (29), അഞ്ഞൂർ സ്വദേശി വൈശാഖ് (28), സന്ദീപ് (30) എന്നിവർക്കാണ് പരുക്കേറ്റത്. വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്ന മുള്ളൂർക്കര സ്വദേശി ശ്രീനിവാസൻ (45) ആണ് യുവാക്കളെ ആക്രമിച്ചത്. വയറു വേദനയുമായി ആശുപത്രിയിൽ എത്തിയ ശ്രീനിവാസന് വേദനയ്ക്കുള്ള ഇഞ്ചക്ഷൻ നൽകിയിരുന്നു. അതിന്റെ ഡോസിൽ മയങ്ങി കിടന്നിരുന്ന ശ്രീനിവാസൻ പെട്ടെന്ന് ഉണർന്ന് അക്രമാസക്തനാകുകയായിരുന്നു. തലയ്ക്ക് പിന്നിൽ അടിയേറ്റ് രണ്ടുപേർ അബോധാവസ്ഥയിലാവുകയായിരുന്നു.’ നിലവിൽ നാലുപേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. ശ്രീനിവാസന് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് നടപടികൾ സ്വീകരിച്ചു.