ബെല്‍ഫോര്‍ട്ടിലൂടെ ആദ്യ കടമ്പ കടന്ന് ബ്ലാസ്റ്റേഴ്സ്

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആരാധകരെ കേരളാ ബ്ലാസ്റ്റേഴ്സ് നിരാശരാക്കിയില്ല. ശക്തരായ ഡല്‍ഹി ഡയനാമോസിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് കേരളം ആദ്യ പാദ സെമി സ്വന്തമാക്കി. 65- ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിന്റെ തകര്‍പ്പന്‍ ഗോളാണ് കേരളത്തിന് ജയമൊരുക്കിയത്.

ഡല്‍ഹിയുടെ പ്രതിരോധം ഭേദിച്ച് മധ്യനിരയില്‍ നിന്ന് ഒറ്റയ്ക്ക് മുന്നേറിയ ബെല്‍ഫോര്‍ട്ട് പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഡല്‍ഹിയുടെ മലയാളി താരം അനസ് എടത്തൊടിയുടെ കാലില്‍ തട്ടി വലയ്ക്കുള്ളിലാവുകയായിരുന്നു. ആദ്യ പാദം ജയിച്ചെങ്കിലും 14ന് ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം പാദസെമികൂടി കേരളത്തിന്റെ കൊമ്പന്മാര്‍ കരകയറണം. രണ്ടാം പാദത്തില്‍ സമനില പിടിച്ചാലും ബ്ലാസ്റ്റേഴ്സിന് എെ.എസ്.എല്ലിലെ രണ്ടാം ഫൈനല്‍ കളിക്കാം.

ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച ബ്ലാസ്റ്റേഴ്സ് താരങ്ങളെയാണ് കണ്ടത്. 65 – ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിലൂടെ ബ്ലാസ്റ്റേഴ്സ് വിജയ ഗോള്‍ നേടിയപ്പോള്‍ ആര്‍ത്തിരമ്പുന്ന് ആരാധകരെയാണ് നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 84 – ാം മിനിറ്റില്‍ സി.കെ വിനീതിന് തുറന്ന അവസരം ലഭിച്ചെങ്കിലും ഡയനാമോസ് ഗോളി മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി. രണ്ടാം പാദ മത്സരത്തിനായി ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സും ലക്ഷക്കണക്കിന് വരുന്ന അവരുടെ ആരാധകരും.

LEAVE A REPLY