തന്നെ ഗസ്റ്റായി വിളിച്ചിട്ട് എന്നെ ഇറക്കാന്‍ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞത് എന്തിനാണ്? ബിനീഷ് പറയുന്നു

സിനിമ മേഖലയില്‍ പല താരങ്ങള്‍ക്കും പലതരം ദുരനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്. അതില്‍ പലരും പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നടന്‍ ബിനീഷ് ബാസ്റ്റിനാണ് ഇത്തവണ ദുരനുഭവം നേരിടേണ്ടി വന്നത്. കേരളപ്പിറവി ദിനത്തില്‍ തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത്് നമുക്ക് ഓരോരുത്തര്‍ക്കും അപമാനം തന്നെയാണ്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് അപമാനിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ബിനീഷിന്റെ വാക്കുകള്‍ കേള്‍ക്കുക…

ഞാനൊരു സാധാരണക്കാരനാണ് കൂലിപ്പണിക്കാരനാണ്. ഒരുപാട് സിനിമകള്‍ ചെയ്തു. അതില്‍ തെറിയെന്ന പടത്തിലൂടെയാണ് എനിക്ക് സ്ഥാനക്കയറ്റം കിട്ടിയത്. യുവാക്കള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും എന്നെ ഇഷ്ടപ്പെടുന്നവരുണ്ട്. അവരാണ് എന്നെ ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് വിളിക്കുന്നത്. അനില്‍ രാധാകൃഷ്ണന്‍ എന്ന വ്യക്തി ഞാന്‍ ആരാധിക്കുന്ന ഒരാളാണ്. നൂറ്റിയിരുപതാമത്തെ കോളേജിലാണ് ഞാന്‍ പങ്കെടുക്കുന്നത്. ഒരു സ്ഥലത്ത് നിന്നും ഇത്തരത്തിലൊരു അപമാനം എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. അനില്‍ രാധാകൃഷ്ണന്‍ കോളേജ് അധികൃതരെ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അവര്‍ അത്തരത്തില്‍ പെരുമാറിയതെന്നും അദ്ദേഹം നാഷണല്‍ അവാര്‍ഡ് വിന്നര്‍ ആണെന്നും വലിയ സംവിധായകനാണെന്നും കോളേജിലെ അന്നത്തെ സ്റ്റാര്‍ അദ്ദേഹമാണെന്നും അതുകൊണ്ടാണ് കോളേജ് അധികൃതര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടതെന്നും ബിനീഷ് പറയുന്നു.

എന്നാല്‍ വിദ്യര്‍ത്ഥികള്‍ തനിക്ക് പിന്തുണ നല്‍കിയെന്നും തന്നെ കാണാന്‍ വേണ്ടിയാണ് അവര്‍ നിന്നിരുന്നതെന്നും ബിനീഷ് കൂട്ടിച്ചേര്‍ക്കുന്നു. മതമല്ല പ്രശ്‌നം എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം. മതക്കാരനെന്നല്ല പ്രശ്‌നം എങ്ങനെ ജീവിക്കുമെന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നതാണെന്നും ബിനീഷ് പറയുന്നു. സംഭവത്തിന് ശേഷം പ്രിന്‍സിപ്പളെക്കാള്‍ മുതിര്‍ന്ന ഒരാള്‍ എന്നെ വിളിച്ച് സംസാരിക്കുകയും ചെയര്‍മാനടക്കമുള്ളവര്‍ എന്നെ വിളിച്ച് ക്ഷമ ചോദിക്കുകയും ചെയ്‌തെന്നും ബിനീഷ് പറയുന്നു. കൂട്ടത്തില്‍ ഒരു രൂപ പോലും താന്‍ വാങ്ങിയിട്ടില്ലെന്നും നടന്‍ വെളിപ്പെടുത്തി. ഒടുവില്‍ തന്നെയിറക്കാന്‍ പോലീസിനെ വിളിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. തന്നെ ഗസ്റ്റായി വിളിച്ചിട്ട് എന്നെ ഇറക്കാന്‍ പോലീസിനെ വിളിക്കുമെന്ന പറഞ്ഞത് എന്തിനാണെന്നും താരം ചോദിക്കുന്നു. അനില്‍ രാധാകൃഷ്ണനും പ്രിന്‍സിപ്പളും ചെയര്‍മാനും ഇതിന് ഉത്തരം പറയണം. അവര്‍ വിളിച്ച് വരുത്തി അപമാനിക്കുകയാണ് ചെയ്തതെന്നും ബിനീഷ് പറയുന്നു. ഞാനൊരിക്കലും നടനല്ല. ഞാനൊരു ജോലി ചെയ്യുന്നു. അതിന് എനിക്ക് നല്ലൊരു പ്രതിഫലം ലഭിക്കുന്നു. എനിക്ക് വിദ്യഭ്യാസം ഇല്ലാത്തതുകൊണ്ടാണ് എന്നോട് ഇങ്ങനെ ചെയ്തതെന്നും ഇതിന്റെ പേരില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചാല്‍ താന്‍ പഴയ ജോലിയിലേക്ക് തിരികെ കയറുമെന്നും താരം സംഭവത്തിന് മറുപടിയായി പറയുന്നു.

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായി എത്തിയതായിരുന്നു ബിനീഷ്. എന്നാല്‍ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂര്‍ മുന്‍പ് കോളേജിലെ പ്രിന്‍സിപാളും യൂണിയന്‍ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തുകയും. ഉത്ഘാടനം കഴിഞ്ഞ് 1 മണിക്കൂര്‍ കഴിഞ്ഞ് ബിനീഷ് വന്നാല്‍ മതിയെന്ന് പറയുകയും ചെയ്തു. മാഗസിന്‍ റിലീസിങ്ങിന് വരാമെന്നേറ്റ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് അവര്‍ കാരണം പറഞ്ഞത്. എന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് കഴിയില്ലെന്ന് അനില്‍ പറഞ്ഞതായും അവര്‍ ബിനീഷിനെ അറിയിച്ചു. തുടര്‍ന്നാണ് പ്രശ്‌നം രൂക്ഷമായത്.

കോളേജിന്റെ ഈ നടപടിയ്‌ക്കെതിരെ നാനാഭാഗത്ത് നിന്നും പല തരത്തിലുള്ള പ്രതികരണമാണ് ഉയരുന്നത്. സംവിധായകന്‍ അങ്ങനെ പ്രതികരിച്ചിരുന്നെങ്കില്‍ തന്നെയും കോളേജ് അധികൃതര്‍ എന്തുകൊണ്ട് സ്വന്തം നിലപാട് എടുത്തില്ലായെന്നുമുള്ള ചോദ്യങ്ങളും ഉയര്‍ന്ന് കേള്‍ക്കുന്നു. ഇവിടെ അപമാനിക്കപ്പെട്ടത് നടനല്ല. മറിച്ച് കേരളത്തിലെ ഓരോ പൗരന്മാരും കൂടിയാണ്. അതിന് കാരണക്കാര്‍ പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അധികൃതരും. ഓരോ കലാകാരന്മാരിലും ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവരാണ്. അവര്‍ക്ക് ഇത്തരത്തിലാണ് സംഭവിക്കുന്നതെങ്കില്‍ സാധാരണക്കാരന് എങ്ങനെയായിരിക്കും? കേരളപ്പിറവി ദിനത്തില്‍ തന്നെ ബിനീഷ് എന്ന നടന് സംഭവിച്ച അപമാനത്തില്‍ കേരളം ഒന്നടങ്കം തന്നെ തലകുനിക്കുന്നു.