രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കും; മാറി നില്‍ക്കാന്‍ തയ്യാറാകുമെന്ന് ടി സിദ്ദിഖ്, സ്ഥിരീകരിച്ച് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത സീറ്റ് തര്‍ക്കം നടക്കുന്ന വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കും. ഇക്കാര്യം കെപിസിസി രാഹുലുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഇനി, രാഹുല്‍ ഗാന്ധിയുടെ മറുപടിക്കായി സംസ്ഥാന നേതൃത്വം കാത്തിരിക്കുകയാണ്. വയനാട്ടിലെ സ്ഥാനാര്‍ത്ഥി ടി സിദ്ദിഖുമായും സംസാരിച്ചെന്നും രാഹുല്‍ഗാന്ധി വന്നാല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടതായും ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുണ്ട്. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ശക്തമായ ഗ്രൂപ്പ് പോര് നടന്ന വയനാട്ടില്‍ എ ഗ്രൂപ്പിലെ ടി സിദ്ദിഖിനെ സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാഹുല്‍ വന്നാല്‍ മാറി നില്‍ക്കുമെന്ന് സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്. രാഹുലിന്റെ പ്രചരണചുമതല ഏറ്റെടുക്കുമെന്ന് സിദ്ദിഖ് പറഞ്ഞു. മറ്റ് സീറ്റുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ച പേരുകള്‍ അംഗീകരിച്ചെങ്കിലൂം വയനാടിന്റെയും വടകരയുടെയും കാര്യത്തില്‍ ആരു മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയനേതൃത്വം ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെ പുറത്തുവന്ന ഏഴാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയും ഉണ്ടായിരുന്നില്ല.

യുപിയിലെ അമേഠിയില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇവിടെ രാഹുലിന് എതിരാളിയാകുന്നത്. ഇതിനിടയിലാണ് രാഹുലിനോട് വയനാട്ടില്‍ മത്സരിക്കാമോയെന്ന് കെപിസിസി ചോദിച്ചിരിക്കുന്നത്.