മഴക്കെടുതിയിൽ തകര്‍ന്ന വയനാടിന് രാഹുല്‍ഗാന്ധി എംപിയുടെ സഹായമായി അൻപതിനായിരം കിലോ അരി

രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റു അടിയന്തരവസ്തുക്കളും ജില്ലയിലെത്തിച്ചു. മഴക്കെടുതികളില്‍ മുങ്ങിയ ജില്ലയില്‍ രണ്ട് ദിവസം രാഹുല്‍ ഗാന്ധി ചെലവഴിച്ചിരുന്നു.

വിവിധ ക്യാംപുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ടണ്‍കണക്കിനുവസ്തുക്കള്‍ കേരളത്തിലേക്കെത്തിയത്.ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ ലഭ്യമാക്കി.രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും എത്തി.

അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു. മൂന്നാം ഘട്ടത്തില്‍ ക്ലീനിങ് സാധനങ്ങള്‍ ജില്ലയിലെത്തും.

അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്റൂം, ഫ്ലോര്‍ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റും എത്തിക്കും. ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

LEAVE A REPLY