പ്രായമായവരെ വീട്ടില്‍നിന്ന് ഇറക്കി വിട്ടാല്‍ 3 വര്‍ഷം തടവും പിഴയും

പ്രായമായവരെ വീട്ടില്‍നിന്ന് ഇറക്കി വിട്ടാല്‍ 3 വര്‍ഷം തടവും പിഴയും ലഭിക്കുന്ന നിയമ ഭേദഗതി കൊണ്ടുവരാനൊരുങ്ങി കേരളം. മുതിര്‍ന്ന പൗരന്റെ പരിചരണത്തിനോ സംരക്ഷണത്തിനോ ഉത്തരവാദിത്തമുള്ളവര്‍, അവരെ ഒഴിവാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ, അവരുടെ സമ്മതമില്ലാതെ ഏതെങ്കിലും മുതിര്‍ന്ന പൗര പരിചരണ കേന്ദ്രത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ ഉപേക്ഷിക്കുന്നത് ഇനി ശിക്ഷാര്‍ഹമായ കുറ്റമാണ്. മുതിര്‍ന്ന പൗരന്മാരെ പീഡിപ്പിക്കുകയോ ക്രൂരത കാട്ടുകയോ ചെയ്താലും സ്വത്ത് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയാലും മൂന്നുവര്‍ഷം വരെ തടവും 50,000 രൂപ വരെ പിഴയും ലഭിക്കും.

നിയമപരമായ അവകാശികള്‍, മുതിര്‍ന്ന പൗര പരിചരണ കേന്ദ്രങ്ങളുടെ ചുമതലയുള്ളവര്‍, പരിചരണ കേന്ദ്രങ്ങളിലെ ജീവനക്കാര്‍, മുതിര്‍ന്ന പൗരനെ പരിചരിക്കുന്നതിനായി നിയോഗിക്കപ്പെട്ട കെയര്‍ഗിവര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാനാവുക. സ്വത്ത് തട്ടിയെടുക്കുന്നത് സൊസൈറ്റിയോ ട്രസ്റ്റോ കമ്പനിയോ ഏജന്‍സിയോ ആണെങ്കില്‍ ഡയറക്ടര്‍മാര്‍, ട്രസ്റ്റിമാര്‍, മാനേജര്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവരും കുറ്റക്കാരാകും.