അമ്മയുടെ പരാതി തീര്‍ക്കാന്‍ പുതിയ കോടതി രൂപീകരിക്കേണ്ട അവസ്ഥ: വിമര്‍ശിച്ച് ഹൈക്കോടതി

താരസംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക കോടതി രൂപീകരിക്കേണ്ട സാഹചര്യമാണേല്ലോയെന്ന് ഹൈക്കോടതി. നടി അന്‍സിബയുടെ പരാതിയില്‍ സ്വീകരിച്ച കേസ് റദ്ദാക്കണമെന്ന നടി ലക്ഷ്മിപ്രിയയുടെ പരാതിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പാവപ്പെട്ടവരുടെ ജീവിത പ്രശ്‌നങ്ങള്‍ കിടക്കുമ്പോഴാണ് ഇവരുടെ തര്‍ക്കം തീര്‍ക്കാന്‍ സമയം ചെലവഴിക്കേണ്ടിവരുന്നത് എന്നും കോടതി വിമര്‍ശനമുന്നയിച്ചു.

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. തുടര്‍ന്ന് പാലാരിവട്ടം പോലീസാണ് ലക്ഷ്മിപ്രിയയ്ക്ക് എതിരെ കേസെടുത്തിരുന്നത്.