നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തണ്ട വാവേ… അലനു വേണ്ടി നടി സജിതാ മഠത്തില്‍

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിനായി നടി സജിതാ മഠത്തിലിന്റെ വികാരഭരിതമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അലന്റെ ബന്ധു കൂടിയാണ് നടി. സിപിഎം വോളന്റിയറിന്റെ വേഷമണിഞ്ഞു നില്‍ക്കുന്ന അലന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചു കൊണ്ടാണ് സജിതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അലന്‍ വാവേ

വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല.
നിന്റെ നീളം ഉതുക്കാന്‍ തക്കവണ്ണം പണിയിച്ച കട്ടിലില്‍ ഞങ്ങള്‍ നിശ്ശബ്ദരായി ഇരിക്കുകയാണ്.
നിലത്ത് കിടന്നാല്‍ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?

നാളെ നിന്നെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങള്‍ എടുത്തു വെക്കുമ്പോള്‍ നിന്റെ ചുവന്ന മുണ്ടുകള്‍ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകള്‍ മതിയല്ലെ?

രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗില്‍ വെക്കേണ്ടത്? അല്ലെങ്കില്‍ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാന്‍ തന്നെ ഭയം തോന്നുന്നു.

നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തണ്ട വാവേ… നിയമം പഠിക്കാന്‍ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാള്‍?

പെട്ടെന്ന് തിരിച്ച് വായോ!

നിന്റെ കരുതലില്ലാതെ
അനാഥമായ ഞങ്ങള്‍!

LEAVE A REPLY