ചരിത്രത്തിലെ ആദ്യ ഡിജിറ്റൽ സെൻസസുമായി സെൻസസ് 2021

ഭാരത സെന്‍സസ് 2021 ന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. സെൻസസ് ചരിത്രത്തിലാദ്യമായി വിവര ശേഖരണത്തിന് ഉദ്യോഗസ്ഥർക്ക്  മൊബൈൽ ആപ്പും കൂടാതെ സെന്‍സസിന്റെ പ്രവര്‍ത്തനങ്ങളുടെ തത്സമയ പുരോഗതി നിരീക്ഷിക്കാനായി വെബ് പോര്‍ട്ടലും ഉപയോഗിക്കുന്നതിനാൽ ഭാരതത്തിലെ സെന്‍സസ് ചരിത്രത്തില്‍ ആദ്യ ഡിജിറ്റല്‍ സെന്‍സസ് എന്ന വിശേഷണമാണ് സെന്‍സസ് 2021 നു നല്‍കിയിരിക്കുന്നത്. 30 ലക്ഷത്തോളം സർക്കാർ ഉദ്യോഗസ്ഥർ സെൻസസിനായി  വിവരങ്ങൾ ശേഖരിക്കാൻ താമസ സ്ഥലങ്ങളിലെത്തും. ജനങ്ങള്‍ തങ്ങളുടെ വീട് സന്ദര്‍ശിക്കുന്ന എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ശരിയായ വിവരങ്ങള്‍ നല്‍കുകയും സെന്‍സസിനോട്  പൂര്‍ണ്ണമായും സഹകരിക്കുകയും ചെയ്യണം.

സെൻസസിന്റെ ഒന്നാം ഘട്ടം വീട്ടുപട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസ് എടുക്കലും ആണ്. ഇതോടൊപ്പം ആവാസ സ്ഥിതി, പ്രാഥമികസൗകര്യങ്ങളുടെ ലഭ്യത, പാര്‍പ്പിട ദൗര്‍ലഭ്യം എന്നിവ വിലയിരുത്തുവാന്‍ വേണ്ടി കുടുംബത്തിന് ലഭ്യമായ വിവിധ സൗകര്യങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങളും കുടുംബത്തിനു കൈവശമുള്ള സാമഗ്രികളെ സംബന്ധിച്ച ചോദ്യങ്ങളും ഉള്‍പ്പെടെ 31 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 77,000 സർക്കാർ ഉദ്യോഗസ്ഥരെയാണ്  കേരളത്തിൽ കണക്കെടുപ്പിനായി നിയോഗിക്കുന്നത്.

സെൻസസിന്റെ രണ്ടാം ഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2021 ഫെബ്രുവരിയിൽ നടക്കും.

LEAVE A REPLY