മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

കോഴിക്കോട്ട് പോസ്റ്റ്മോർട്ടം ചെയ്ത പതിനെട്ടുകാരിയുടെ പ്രാഥമിക സാമ്പിൾ നിപ പോസിറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. നിലവിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറൻ്റൈനിൽ കഴിയുകയാണ്. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38-കാരിക്കും നിപ സ്ഥിരീകരിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.