യുഡിഎഫില്‍ ഇനി മന്ത്രി സ്ഥാനങ്ങള്‍ക്കായുള്ള തര്‍ക്കം

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കം അവസാനിച്ചതിന് പിന്നാലെ മന്ത്രി സ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള തര്‍ക്കത്തില്‍ വലഞ്ഞ് യു.ഡി.എഫ്. ഘടകകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം വിഭജിക്കുന്നതിനൊപ്പം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെയും പരിഗണിക്കേണ്ട സാഹചര്യമാണ് യു.ഡി.എഫിലുള്ളത്.

അവസാന ലാപ്പില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിനുള്ള നീക്കങ്ങളും സജീവമാണ്. ആഭ്യന്തര വകുപ്പ് മന്ത്രിസ്ഥാനത്തില്‍ കുറഞ്ഞത് പ്രതീക്ഷിക്കുന്നില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലപക്ഷം. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും രമേശ് ചെന്നിത്തലയും ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും. നേരത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പാണ് ചെന്നിത്തല കൈകാര്യം ചെയ്തിരുന്നത്. അതിനാല്‍ ആഭ്യന്തരത്തില്‍ കുറഞ്ഞതൊന്നിലും വഴങ്ങില്ലെന്ന നിലപാടിലുറച്ചാണ് ചെന്നിത്തല പക്ഷം നില്‍ക്കുന്നത്.