ചരിത്ര വിജയത്തിന് പിന്നാലെ ആരാകും മുഖ്യമന്ത്രി എന്ന ചൂടേറിയ ചര്‍ച്ചകളാണ് യു.ഡി.എഫില്‍ നടന്നുവരുന്നത്. നിരവധി പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രി ആകുന്നതിനുള്ള സാധ്യതകളാണ് ശക്തമാകുന്നത്. കെ.സിക്ക് പിന്തുണയുമായി 50ലേറെ എംഎല്‍എമാരുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കെ.സിക്ക് ഹൈക്കമാന്റിന്റെ പിന്തുണയുള്ളതും സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ, ചില മുന്‍നിര കോണ്‍ഗ്രസ് നേതാക്കന്മാരും കെ.സിക്കായുള്ള ചരടുവലികള്‍ സജീവമായി നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, വി.ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസുകള്‍ക്ക് സമീപം അടക്കം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവിന്റെ ഇടപെടലാണ് എല്‍.ഡി.എഫിന്റെ തുടര്‍ഭരണ ലക്ഷ്യം തകര്‍ത്തതെന്ന വാദമാണ് വി.ഡി പക്ഷം ഉയര്‍ത്തുന്നത്. ചര്‍ച്ചകളില്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ പേരും സജീവമാണ്. സീനിയോറിറ്റി പ്രകാരം അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിനുള്ള എല്ലാ അര്‍ഹതയും അദ്ദേഹത്തിനുണ്ടെന്ന് വാദിക്കുന്നവരുമുണ്ട്.



















