ഐ.ഐ.ടി. ഡൽഹിയുടെ ആദ്യ വിദേശശാഖയാകാൻ ഒരുങ്ങി അബുദാബി കാമ്പസ്

ദുബായ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൽഹിയുടെ അബുദാബി കാമ്പസ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ശനിയാഴ്ച അജ്മാൻ ജെർഫിൽ ചേർന്ന വടക്കൻ എമിറേറ്റുകളിലെ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. അബുദാബിയിൽ വരാനിരിക്കുന്നത് ഐ.ഐ.ടി. ഡൽഹിയുടെ ആദ്യ വിദേശശാഖയാണ്. ഇന്ത്യ-യു.എ.ഇ. സമഗ്ര സാമ്പത്തിക പങ്കാളിത്തക്കരാറിന്റെ ഭാഗമായാണ് പദ്ധതി. അബുദാബി വിദ്യാഭ്യാസ വിജ്ഞാനവകുപ്പുമായി സഹകരിച്ച് 2024-ലാണ് പദ്ധതി പൂർത്തീകരിക്കുക.
തുടക്കത്തിൽ ബിരുദകോഴ്‌സുകളിലേക്കാരിക്കും പ്രവേശനം. പിന്നീട് പി.ജി, പിഎച്ച്.ഡി. കോഴ്‌സുകളും തുടങ്ങും. ഐ.ഐ.ടി. കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശയനുസരിച്ച് വിദേശ കാമ്പസുകളിലെ 20 ശതമാനം സീറ്റിൽ മാത്രമേ ഇന്ത്യൻവിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കൂ. ബാക്കി സീറ്റുകൾ അതത് രാജ്യത്തെ വിദ്യാർഥികൾക്കായിരിക്കും. ഷാർജ, ഖോർഫക്കാൻ, കൽബ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽനിന്നുള്ള ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

LEAVE A REPLY