സ്ത്രീകള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിവന്ന സ്ത്രീ സുരക്ഷാ പദ്ധതി യുഡിഎഫ് അട്ടിമറിക്കുന്നുവെന്ന് കെഎന്‍ ബാലഗോപാല്‍

35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിവന്ന സ്ത്രീസുരക്ഷാ പദ്ധതി അട്ടിമറിക്കാന്‍ യു.ഡി.എഫ് ശ്രമമെന്ന് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പ്രതിമാസം ആയിരം രൂപ വീതം സ്ത്രീകള്‍ക്ക് ലഭിക്കുന്ന പദ്ധതിയില്‍ ഇതുവരെ അംഗങ്ങളായത് 20 ലക്ഷത്തോളം പേരാണ്. എന്നാല്‍ പദ്ധതി അട്ടിമറിക്കുകയാണ് പുതിയ സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാനത്തെ ബഡ്ജറ്റില്‍ 3720 കോടി രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി മാറ്റി വച്ചത്. തികച്ചും സുതാര്യമായ പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്ത്രീ സുരക്ഷാ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി നടത്തുന്ന പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ് . രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ ഒരു സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബാലഗോപാല്‍ ആരോപിച്ചു.