തണുപ്പ് കൂടുതലാകുന്ന സമയത്ത് അസ്വസ്ഥത ഉണ്ടാകാറുണ്ടോ? ദിവസങ്ങൾ ചെറുതാവുകയും രാത്രികൾക്ക് ദൈർഘ്യം കൂടുകയും ചെയ്യുമ്പോൾ പലർക്കും മാനസികാവസ്ഥയിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഈ മാറ്റങ്ങൾ ചിലപ്പോൾ ഹോർമോൺ വ്യതിയാനങ്ങളേക്കാൾ കൂടുതലായിരിക്കാം. വർഷത്തിലെ പ്രത്യേക സമയങ്ങളിൽ പ്രത്യേകിച്ച് തണുപ്പുകാലത്തും ശരത്കാലത്തും സൂര്യപ്രകാശം കുറയുന്നതുമായി ബന്ധപ്പെട്ട് ആളുകളിൽ ഉണ്ടാകുന്ന ഒരു തരം വിഷാദമാണിത്. സീസണൽ അഫക്റ്റീവ് ഡിസോർഡർ അഥവാ എസ്.എ.ഡി എന്ന അവസ്ഥയാണ് ഇതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എസ്.എ.ഡി സാധാരണയായി തണുപ്പുള്ളതും ഇരുണ്ടതുമായ മാസങ്ങളിൽ മാത്രമേ സംഭവിക്കാറുള്ളൂ. ഈ സമയങ്ങളിൽ മാനസികാരോഗ്യത്തിന് പ്രധാന്യം കൊടുക്കേണ്ടത് ആവശ്യമാണ്. ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയണം. തുടർച്ചയായ വിഷാദഭാവം അല്ലെങ്കിൽ ദുഃഖം, ഊർജ്ജക്കുറവ്, അമിതമായ ക്ഷീണം, ഉറങ്ങാനുള്ള അമിതമായ ആഗ്രഹം, സാധാരണയായി ആസ്വദിച്ചിരുന്ന കാര്യങ്ങളിൽ താൽപ്പര്യമില്ലായ്മ, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി ഇതൊക്കെയാണ് സാധാരണ കാണുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ തീവ്രമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുന്നതാണ് ഉചിതം



















