ഇനി മുതല്‍ ശൈലജ ടീച്ചറല്ല, ടീച്ചറമ്മ

സൈബര്‍ ലോകത്ത് വീണ്ടും താരമായിരിക്കുകയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. പ്രവര്‍ത്തന മികവുകൊണ്ട് മുമ്പും എതിരാളികളുടെ പ്രശംസ നേടിയിട്ടുള്ള ശൈലജ ടീച്ചര്‍, ഫെയ്സ്ബുക്ക് കമന്റില്‍ ലഭിച്ച സഹായ അഭ്യര്‍ഥനയ്ക്ക് ഉടന്‍ നടപടി സ്വീകരിച്ചതാണ് വീണ്ടും വാര്‍ത്തയാകുന്നത്.

സഹോദരിയുടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണം എന്ന് അഭ്യര്‍ഥിച്ചാണ് ജിയാസ് മാടശേരി എന്ന യുവാവ് മന്ത്രി കെ.കെ.ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ കമന്റിട്ടത്. സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു
അപേക്ഷ. കമന്റ് ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഉടന്‍തന്നെ തുടര്‍ നടപടി സ്വീകരിക്കുകയും നടപടിയുടെ വിശദാംശം മറുപടി കമന്റായി കുറിക്കുകയും ചെയ്തു.

‘ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയുമെന്നും ജിയാസിനുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ സ്വീകരിച്ചതായും, ഇതിനായി കുട്ടിയെ രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ഹൃദയസംബന്ധമായ തകരാറുള്ള ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അടിയന്തര ചികില്‍സയ്ക്കായി പെരിന്തല്‍മണ്ണയില്‍ നിന്ന് ഇന്ന് പുലര്‍ച്ചയോടെ കൊച്ചി ലിസി ആശുപത്രിയില്‍ എത്തിച്ചു.

പറഞ്ഞതത്രയും ചെയ്തുകാണിച്ച ടീച്ചറമ്മയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നിറഞ്ഞു. ഇതാവണം ജനസേവനം എന്ന് അനുമോദിച്ച് രാഷ്ട്രീയ എതിരാളികള്‍പോലും രംഗത്തുവന്നതും ശ്രദ്ധേയമായി. ആറായിരത്തിലേറെ പേരാണ് മന്ത്രിയുടെ കമന്റിന് ലൈക്കുമായി എത്തിയത്.

LEAVE A REPLY