കാന്‍സര്‍ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഏറെ സഹായകരവും ആശ്വാസകരവുമാകുന്ന പദ്ധതിയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച കാരുണ്യസ്പര്‍ശം പ്രോജക്ട് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്ക് കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന ഈ പ്രോജക്ട് ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലാണ് കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ആശ്വാസം വലുതാണ് . ജനങ്ങള്‍ നല്കിയ പിന്തുണയില്‍ സംസ്ഥാനത്ത് 72 കാരുണ്യ ഫാര്‍മസികളിലേക്ക് കാരുണ്യസ്പര്‍ശം കൗണ്ടറുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. 247 ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകള്‍ ആണ് ഇവിടെ നിന്ന് ലഭ്യമാകുക. പൊതുമാര്‍ക്കറ്റിനേക്കാള്‍ ഗണ്യമായ വിലക്കുറവിലാണ് ഇവിടെ കാന്‍സര്‍ മരുന്നുകള്‍ ലഭിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് തന്റെ ഫേസ്ബുക്പേജിലൂടെ വ്യക്തമാക്കി.




















