അപൂർവയിനം ബാക്ടീരിയ അണുബാധയെ തുടർന്ന് മത്സ്യത്തൊഴിലാളിയുടെ കാൽപ്പാദത്തിന്റെ ഒരു ഭാഗം നഷ്ടമായതായി റിപ്പോർട്ട്. വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയയാണ് ഇദ്ദേഹത്തെ ബാധിച്ചത്. തീരപ്രദേശത്ത് കാണുന്ന ബാക്ടീരിയയാണ് വിബ്രിയോ വൾനിഫിക്കസ്.മലിനമായ ഉപ്പുവെള്ത്തിലിറങ്ങുമ്പോൾ തൊലിയിലെ മുറിവുകളിലൂടെ അണുബാധയുണ്ടാകാൻ സാധ്യതയുള്ളതായി വിദക്തർ പറയുന്നു. കൃത്യസമയത്ത് രോഗാണുവിനെ തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ശരീരത്തിലുടനീളം വിബ്രിയോ വൾനിഫിക്കസ് വ്യാപിക്കുമെന്നാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ പറയുന്നത്. എന്നാൽ ഇവിടെ രോഗാണുവിനെ തിരിച്ചറിഞ്ഞെങ്കിലും അണുബാധ രക്തത്തിലും ശ്വാസകോശത്തിലും പടർന്നിരുന്നു. തുടർന്ന് ഏഴ് ദിവസം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചിരുന്നതായും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ ടൈംസ് ഓഫ് ഇന്ത്യയോട് സൂചിപ്പിച്ചു. 20 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷം മുംബൈ സ്വദേശിയായ ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതായാണ് വിവരം.





















