ഇരുമ്പ് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് അത്ര ‘സെയ്ഫല്ല’

ഇരുമ്പ് പാത്രത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്തർ. ഇരുമ്പ് ഒരു റിയാക്ടീവ് ലോഹമാണ്. അതായത്, ചില രാസവസ്തുക്കളുമായി ഇത് എളുപ്പത്തിൽ പ്രതിപ്രവർത്തിക്കും. പുളിപ്പുള്ള ഭക്ഷണത്തിലെ ആസിഡുകളുമായാണ് ഇരുമ്പ് പ്രധാനമായും പ്രതിപ്രവർത്തിക്കുന്നത്. ഇതേ തുടർന്ന് കൂടുതൽ അളവിൽ ഇരുമ്പിന്റെ അംശം ശരീരത്തിൽ എത്താനും ശരീരത്തിൽ അമിതമായി ഇരുമ്പ് ശേഖരിക്കപ്പെടുന്ന ‘ഹീമോക്രോമാറ്റോസിസ്’ പോലുള്ള അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു. മാത്രമല്ല, ഇത്തരം ഭക്ഷണത്തിന്റെ രുചിയിലും നിറത്തിലും വ്യത്യാസം ഉണ്ടായേക്കാം. പ്രധാനമായും അസിഡിറ്റി കൂടിയ ഭക്ഷണങ്ങൾ ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യുന്നത് ഒഴിവാക്കണം. അതായത്, പുളിയുള്ള കറികൾ വാളൻപുളി, കുടമ്പുളി, തക്കാളി തുടങ്ങിയ പുളിരസമുള്ള ചേരുവകൾ ധാരാളമായി ഉപയോഗിക്കുന്ന വിഭവങ്ങൾ ഇരുമ്പ് പാത്രത്തിൽ ഉണ്ടാക്കുമ്പോൾ ഇവയിലെ ആസിഡ് ഇരുമ്പുമായി പ്രതിപ്രവർത്തിക്കുകയും കറിക്ക് കറുത്ത നിറവും ലോഹരുചിയും നൽകുന്നുവെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.