2050-ഓടെ ലോകത്ത് 130 കോടിയിലധികം പേര്‍ക്ക് പ്രമേഹമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയും ലാന്‍സെറ്റ് കമ്മീഷന്‍ ഓണ്‍ ഡയബറ്റിസും മുന്നറിയിപ്പ് നല്‍കുന്നു. അതായത് ലോകത്ത് എട്ടില്‍ ഒരാള്‍ പ്രമേഹ രോഗിയായി മാറുമെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, വര്‍ധിച്ച പൊണ്ണത്തടി എന്നിവ ഇതിന് പ്രധാന കാരണങ്ങളാണ്. രോഗം ഗുരുതരമാകുന്നതുവരെ പലര്‍ക്കും പ്രമേഹം തിരിച്ചറിയാറില്ല. അതുകൊണ്ടാണ് ആദ്യകാല ലക്ഷണങ്ങള്‍ പ്രധാനപ്പെട്ടതാകുന്നത്. പ്രമേഹം ശരീരത്തെ പൂര്‍ണ്ണമായി കീഴ്‌പ്പെടുത്തുന്നതിന് മുമ്പ് ശരീരം നല്‍കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ടാകും. ഇവ അവഗണിച്ചാല്‍, ഹൃദയം, വൃക്കകള്‍, ഞരമ്പുകള്‍, കണ്ണുകള്‍ എന്നിവയെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയിലേയ്ക്ക് എത്തിയേക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യവിദഗ്തര്‍. രോഗം നേരത്തെ കണ്ടെത്തി ചികിത്സകള്‍ തേടുന്നത് ഇത്തരത്തിലുള്ള സങ്കിര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.



















