തെരുവുനായ ശല്യത്തിന് എതിരായ ബോധവത്കരണ ഏകാംഗ നാടകത്തിന് ഇടയിൽ നടന് തെരുവുനായയുടെ കടിയേറ്റു

തെരുവുനായ ശല്യത്തിന് എതിരായ ബോധവത്കരണ ഏകാംഗ നാടകത്തിന് ഇടയിൽ നടന് തെരുവുനായയുടെ കടിയേറ്റു. കണ്ണൂർ മയ്യിലിൽ ആണ് സംഭവം. ഇന്നലെ രാത്രി എട്ടോടെ കണ്ടക്കൈ കൃഷ്ടപിള്ള സ്മാരക വായനശാലയിലാണ് സംഭവം. തെരുവുനായ ശല്യത്തിന് എതിരെ ‘പേക്കാലം’ എന്ന പേരിൽ നാടക പ്രവർത്തകനായ പി. രാധാകൃഷ്ണൻ ഏകാംഗ നാടകം അവതരിപ്പിക്കുകയായിരുന്നു. നാടകം നടക്കുന്നതിനിടെ വേദിക്ക് അരികിൽനിന്ന് കയറിവന്ന തെരുവുനായ രാധാകൃഷ്ണന്റെ വലതുകാലിൽ കടിച്ചശേഷം ഓടിപ്പോയി. നായയുടെ ആക്രമണം നാടകത്തിന്റെ ഭാഗമാണെന്നാണ് പ്രേക്ഷകർ കരുതിയത്. പത്ത് മിനിറ്റോളം മുറിവേറ്റ കാലുമായി നാടകം പൂർത്തിയാക്കിയശേഷമാണ് രാധാകൃഷ്ണൻ സംഘാടകരെ വിവരമറിയിച്ചത്. ഇയാളെ പിന്നീട് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.