ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന പഴങ്ങളിൽ ഒന്നാണ് നാരങ്ങ

ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന പഴങ്ങളിൽ ഒന്നാണ് നാരങ്ങ. ലോകത്തിലെ വ്യത്യസ്ത തരം പഴങ്ങളെ താരതമ്യം ചെയ്തു കൊണ്ട് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിറ്റാമിനുകൾ, നാരുകൾ, ഫ്‌ലേവനോയ്ഡുകൾ പോലുള്ള ശക്തമായ ആന്റിഓക്സിഡന്റുകൾ എന്നിവയുടെ സാന്ദ്രതയിൽ നാരങ്ങ വേറിട്ടു നിൽക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. മറ്റ് ഏത് പഴത്തെക്കാളും ആരോഗ്യത്തിന് ഗുണകരമായ സംയുക്തങ്ങൾ ലഭ്യമാക്കാൻ സിട്രിക് പഴമായ നാരങ്ങയ്ക്ക് സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. യുഎസിലെ വില്യം പാറ്റേഴ്സൺ സർവകലാശാല നടത്തിയ ഒരു പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും, ഇരുമ്പ് ആഗിരണം ചെയ്യാനും ദഹനം മെച്ചപ്പെടുത്താനും ഹൃദ്രോഗങ്ങൾ തടയാനും ആന്റി-ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ അടങ്ങിയ നാരങ്ങ സഹായിക്കും. കൂടാതെ നാരങ്ങയ്ക്ക് അസിഡിക് സ്വഭാവമുണ്ടെങ്കിലും ഉപാപചയ പ്രക്രിയയ്ക്ക് ശേഷം ശരീരത്തിൽ ആൽക്കലൈൻ സ്വഭാവം ഉണ്ടാക്കുന്ന ഇവ പിഎച്ച് നില സന്തുലിതമാക്കാൻ സഹായിക്കുന്നു. നാരങ്ങ മൊത്തത്തിലുള്ള മെറ്റബോളിസം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.