ഈ മരുന്നുകള്‍ ഇനി വേണ്ട, വില്‍പ്പന നടത്തിയാല്‍ നടപടി

ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന മരുന്ന് നിര്‍മ്മാണ കമ്പനിയുടെ ലൈസന്‍സ് മരവിപ്പിച്ചുകൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെ, ഈ കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പ്പനയും ഉപയോഗവും തടഞ്ഞ് കേരളം. കേരളത്തില്‍ മരുന്നുകളുടെ വിതരണം നിര്‍ത്തിവച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. ഇതിന് പുറമെ, ഗുജറാത്തിലെ റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനി നിര്‍മിക്കുന്ന റെസ്പിഫ്രെഷ് ടി.ആര്‍, 60എം.എല്‍ സിറപ്പ്, ബാറ്റ്ച് നമ്പര്‍ R01GL2523 എന്ന മരുന്നിന് ഗുണനിലവാരം ഇല്ലെന്ന ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ അറിയിപ്പിന് പിന്നാലെ ഈ മരുന്നിനും സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു. ഈ മരുന്ന് വില്‍പ്പന നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല. ഈ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രിവഴി വിതരണം ചെയ്യുന്നില്ലെന്നും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.