മനുഷ്യശരീരത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായിട്ടുള്ള ഘടകമാണ് വെള്ളം

മനുഷ്യശരീരത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായിട്ടുള്ള ഘടകമാണ് വെള്ളം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് നന്നായി വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടിവരുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. പ്രതിദിനം 1.5 ലിറ്ററിൽ താഴെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ സമ്മർദ്ദ പ്രതികരണങ്ങൾ കൂട്ടുമെന്ന് ജേണൽ ഓഫ് അപ്ലൈഡ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. ഇത് ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുമെന്നും ശരീരത്തിൽ സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുമെന്നും പഠനത്തിൽ കണ്ടെത്തി. വെള്ളം കുടിക്കുന്നത് കുറവുള്ള ആളുകളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. ആരോഗ്യമുള്ള ചെറുപ്പക്കാരെ അവർ പതിവായി വെള്ളം കുടിക്കുന്ന ശീലത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. അവർ വെള്ളം കുടിക്കുന്ന രീതി ഒരാഴ്ച നിലനിർത്തികൊണ്ട് സംസാരവും മാനസിക ഗണിതവും ഉൾപ്പെടുന്ന ഒരു സമ്മർദ്ദ പരിശോധനയ്ക്ക് അവരെ വിധേയരാക്കി. രണ്ട് ഗ്രൂപ്പുകളിലുള്ള ചെറുപ്പക്കാർക്കും സമാനമായ ഉത്കണ്ഠയും ഹൃദയമിടിപ്പിലെ വർദ്ധനയും റിപ്പോർട്ട് ചെയ്തു. എന്നാൽ കുറച്ച് വെള്ളം കുടിക്കുന്ന ഗ്രൂപ്പിലെ ചെറുപ്പക്കാരിൽ കോർട്ടിസോൾ ഹോർമോണിന്റെ വർദ്ധനവ് കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി.