മാംസാഹാരം ഒഴിവാക്കുന്നത് കരൾ രോഗങ്ങൾ കുറക്കാൻ സഹായിക്കും

മാംസാഹാരം ഒഴിവാക്കുന്നത് കരൾ രോഗങ്ങൾ കുറക്കാൻ സഹായിക്കും എന്ന് പഠനം. വിർജീനിയ കോമൺ‌വെൽത്ത് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെയും റിച്ച്മണ്ട് വിഎ മെഡിക്കൽ സെന്ററിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ , ഒരു നേരത്തെ ഭക്ഷണത്തിൽ മാംസത്തിന് പകരം സസ്യാധിഷ്ഠിത പ്രോട്ടീനുകൾ ഉൾപ്പെടുത്തുന്നത് കരളിൻറെ ആരോഗ്യത്തിന് നല്ലതാണെന്ന് കണ്ടെത്തി. ഇത്തരത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതുവഴി കരൾ രോഗികളിൽ കാണപ്പെടുന്ന ദോഷകരമായ അമോണിയയുടെ അളവ് കുറയുന്നു. രക്തത്തിലെ ഉയർന്ന അളവിലുള്ള അമോണിയ സിറോസിസിന് കാരണമാകും. സിറോസിസ് രോഗികളിൽ അമോണിയ രക്തത്തിൽ അടിഞ്ഞ് തലച്ചോറിലെത്തി ഹെപ്പാറ്റിക് എൻസെഫലോപ്പതി എന്ന അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് ജീവന് വരെ ഭീഷണിയായേക്കാം എന്നാണ് വിധക്തർ പറയുന്നത്. ഇടയ്ക്ക് മാംസം ഒഴിവാക്കുന്നത് ഉൾപ്പെടെ ഭക്ഷണക്രമത്തിലെ ചെറിയ ചെറിയ മാറ്റങ്ങൾ പോലും നമ്മുടെ ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതിനാൽ തന്നെ ഇടയ്കെല്ലാം മാംസമില്ലാതെ ഭക്ഷണം കഴിക്കുന്നത് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തിനും കരളിൻറെ ആരോഗ്യത്തിനും നല്ലതാണെന്ന് വിധക്തർ പറയുന്നു.