നട്സുകളിൽ കേമൻ ആണ് വാൾനട്ട്. വാള്‍നട്ടിന്റെ ഉപയോഗം അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുമെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. സ്‌ത്രീകളിലും പുരുഷന്മാരിലും പൊതുവായി കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ നാലാം സ്ഥാനത്താണ് വന്‍കുടലിന്റെ ഒരു ഭാഗത്തെ ബാധിക്കുന്ന കൊളോണ്‍ അര്‍ബുദം. എന്നാല്‍ വാള്‍നട്ടിന്റെ ഉപയോഗം കോളോണ്‍ അര്‍ബുദത്തിന്റെ സാധ്യത കുറയ്‌ക്കാമെന്ന് യുകോണ്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി. വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളായ എലാഗിറ്റാനിനുകളാണ് ഈ സവിശേഷ ശേഷി അതിന് നല്‍കുന്നത്. വയറില്‍ വച്ച് ചയാപചയം ചെയ്യപ്പെടുന്ന എലാഗിറ്റാനിന്‍ പിന്നീട് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിനുകളായി മാറുന്നു. ഈ കണികകള്‍ക്ക് അര്‍ബുദത്തെ അടക്കം നേരിടാനുള്ള ശേഷിയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 40നും 65നും ഇടയില്‍ പ്രായമുള്ള 39 പേരിലാണ് പഠനം നടത്തിയത്. കോളോണ്‍ അര്‍ബുദം വരാന്‍ സാധ്യത കൂടിയവരായിരുന്നു ഇവരെല്ലാവരും തന്നെ. വാള്‍നട്ട് ഉള്‍പ്പെട്ട ഭക്ഷണക്രമം ഇവര്‍ മൂന്നാഴ്‌ച പിന്തുടര്‍ന്നു. തുടര്‍ന്ന് ഇവരില്‍ ലാബ് പരിശോധനകളും കോളോണോസ്‌കോപ്പിയുമെല്ലാം നടത്തി. പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ-3 ഫാറ്റി ആസിഡ്, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ഇ, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്‌ഫറസ്, കോപ്പര്‍, മാംഗനീസ് തുടങ്ങിയവ വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്നു. വിവിധതരം ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ഇതിലുണ്ട്. തലച്ചോറിന്റെയും എല്ലുകളുടെയും വയറിന്റെയും ഹൃദയത്തിന്റെയുമെല്ലാം ആരോഗ്യത്തിന് വാള്‍നട്ട് മികച്ചതാണെന്ന് കരുതപ്പെടുന്നു.






















